പിതാവിന്റെ അസാന്നിധ്യത്തിൽ 17കാരന്റെ മൊഴി: കാറും ബൈക്കും ഓടിച്ച് സ്കൂളിൽ പോയെന്ന് സമ്മതിച്ചു

കൊച്ചി∙ വാഹനാപകടത്തിൽ ചേരാനല്ലൂർ സ്വദേശിയായ ജയബാലകൃഷ്ണൻ ദാരുണമായി മരിച്ച സംഭവത്തിൽ, വാഹനം ഓടിച്ച പതിനേഴുകാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട നിയമപരമായ നിബന്ധനകൾ കർശനമായി പിന്തുടരണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുൻപും താൻ വാഹനങ്ങൾ ഓടിച്ചിട്ടുണ്ടെന്നും, കാറും ബൈക്കും കൈകാര്യം ചെയ്യാറുണ്ടെന്നും കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് വിവരം. ഈ വാഹനം ഉപയോഗിച്ച് താൻ സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി സമ്മതിച്ചു. എന്നാൽ, പിതാവ് അറിയാതെയാണ് താൻ വാഹനം ഓടിച്ചതെന്ന വാദമാണ് കുട്ടി ആവർത്തിച്ചത്.
ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിൽ വന്ന് സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി, മാതാപിതാക്കളുടെയോ മറ്റുള്ളവരുടെയോ സാന്നിധ്യമില്ലാതെ കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. ഈ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.
ജുവനൈൽ ജസ്റ്റിസ് ബോർഡും സെഷൻസ് കോടതിയും കുട്ടിക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. എന്നാൽ, ഈ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹർജിയിൽ കോടതി നോട്ടിസ് അയച്ചിട്ടുണ്ടെന്നും, അടുത്തയാഴ്ച വിഷയം വീണ്ടും പരിഗണിക്കുമെന്നുമാണ് വിവരം.




