NEWS

ഗാസയിലെ ബന്ദികളേക്കാൾ ദയനീയം; ഐസൻകോട്ടിന്റെ നീക്കങ്ങളിൽ പരിഭ്രമിച്ച് നെതന്യാഹു

ജറുസലം: ഇസ്രയേൽ രാഷ്ട്രീയക്കളത്തിൽ പ്രതിപക്ഷ നേതാവ് ഗാദി ഐസൻകോട്ട് പ്രധാനമന്ത്രി പദത്തിലേക്ക് എത്താനുള്ള സാധ്യതകൾ ശക്തമായതോടെ ബെന്യാമിൻ നെതന്യാഹു കടുത്ത ആശങ്കയിലെന്ന് റിപ്പോർട്ടുകൾ. നെതന്യാഹുവിന്റെ മുൻ ഉപദേശകനായിരുന്ന നിർ ഹെഫെട്സ് ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. പ്രധാനമന്ത്രിയുടെ തീരുമാനങ്ങളെ കുടുംബാംഗങ്ങൾ നിരന്തരം സ്വാധീനിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

“നെതന്യാഹു എടുക്കുന്ന തീരുമാനങ്ങളെല്ലാം വലിയൊരു പരിഭ്രാന്തിയുടെ നിഴലിലാണ്. അദ്ദേഹത്തിന്റെ ഓഫിസിലേക്ക് ഭാര്യ സാറയുടെയും മകൻ യൈറിന്റെയും സന്ദേശങ്ങൾ അഞ്ചു സെക്കൻഡ് ഇടവിട്ട് വന്നുകൊണ്ടിരിക്കുന്നു. കുടുംബം ആകമാനം വല്ലാത്തൊരു മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഗാസയിൽ തടവിലാക്കപ്പെട്ടവരുടെ അവസ്ഥയേക്കാൾ മോശം അവസ്ഥയിലാണ് അവരെന്ന് തോന്നും വിധമാണ് കാര്യങ്ങൾ,” ഹെഫെട്സ് പറഞ്ഞു.

നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടമാണിതെന്ന് അദ്ദേഹം വിലയിരുത്തുന്നു. പ്രതിപക്ഷത്തേക്ക് മാറേണ്ടി വരുന്നത് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും കഴിയില്ല. ഗാദി ഐസൻകോട്ട് പ്രധാനമന്ത്രിയുടെ പദവിയിലിരുന്ന് സുരക്ഷാ സംവിധാനങ്ങളും ഔദ്യോഗിക ഹെലികോപ്റ്ററുകളും വിദേശയാത്രകളുമൊക്കെ ആസ്വദിക്കുന്നത് നോക്കിനിൽക്കാൻ നെതന്യാഹുവിന് സാധിക്കില്ല. ലോകനേതാവ് എന്ന നിലയിൽ ലഭിക്കുന്ന പരിഗണനയിൽ നിന്ന് വിട്ടുനിൽക്കുക എന്നത് അദ്ദേഹത്തിന് അസാധ്യമായ കാര്യമാണ്, ഹെഫെട്സ് കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button