സണ്ണി വർക്കിക്ക് ഐസനോവർ അവാർഡ്

ദുബായ് ∙ വർക്കി ഫൗണ്ടേഷന്റെയും ജെംസ് എഡ്യൂക്കേഷന്റെയും സ്ഥാപകനായ സണ്ണി വർക്കിയെ തേടി അഭിമാനകരമായ ഡ്വൈറ്റ് ഡി. ഐസനോവർ ട്രാൻസ്ഫർമേഷൻ അവാർഡ് എത്തി. ആഗോളതലത്തിലുള്ള നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ, രാജ്യാന്തര തലത്തിലുള്ള സഹകരണങ്ങൾ എന്നിവയിൽ അദ്ദേഹം നൽകിയ നിർണായകമായ സംഭാവനകളെ പരിഗണിച്ചാണ് ഈ പുരസ്കാരം സമ്മാനിച്ചത്.
ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷനൽ അണ്ടർസ്റ്റാൻഡിങ് (ബിസിഐയു) വർഷംതോറും മൂന്ന് വിശിഷ്ട വ്യക്തികൾക്കാണ് ട്രാൻസ്ഫർമേഷൻ, ലീഡർഷിപ്, ഗ്ലോബൽ സിറ്റിസൻഷിപ് എന്നീ വിഭാഗങ്ങളിൽ ഈ പുരസ്കാരം നൽകി വരുന്നത്. ഇന്ത്യയിൽ നിന്ന് ഇതിനു മുൻപ് രത്തൻ ടാറ്റ, മുകേഷ് അംബാനി, ലക്ഷ്മി മിത്തൽ, എൻ. ചന്ദ്രശേഖരൻ തുടങ്ങിയ പ്രമുഖർ ഈ ബഹുമതി കരസ്ഥമാക്കിയിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റായിരുന്ന ഡ്വൈറ്റ് ഡി. ഐസൻഹോവർ മുൻകൈയെടുത്ത് രൂപം നൽകിയ അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷനൽ അണ്ടർസ്റ്റാൻഡിങ്.




