ഭക്ഷണശേഷം മധുരം കഴിക്കാനുള്ള ആസക്തി കുറയ്ക്കാൻ ചില വഴികൾ

ഭക്ഷണം കഴിച്ചതിന് ശേഷം അല്പം മധുരം കൂടി കഴിക്കണമെന്ന് ആഗ്രഹിക്കാറുണ്ടോ? ഉച്ചഭക്ഷണമായാലും രാത്രിയിലെ ഭക്ഷണമായാലും എന്തെങ്കിലും മധുരം കഴിച്ചില്ലെങ്കിൽ ഭക്ഷണം പൂർണ്ണമായില്ലെന്ന് തോന്നുന്നവരാണ് നമ്മളിൽ പലരും. ഇത് കേവലം ഭക്ഷണത്തോടുള്ള അടങ്ങാത്ത ആഗ്രഹമല്ല, മറിച്ച് ഇതിന് പിന്നിൽ ശാസ്ത്രീയമായ പല കാരണങ്ങളുമുണ്ട്. ശരീരത്തിലെ പഞ്ചസാരയുടെ അളവിലെ വ്യതിയാനങ്ങൾ മുതൽ ഹോർമോൺ പ്രവർത്തനങ്ങളും ജീവിതശൈലിയുമെല്ലാം ഈ ശീലത്തെ സ്വാധീനിക്കുന്നുണ്ട്. മധുരത്തോടുള്ള ഈ കൊതി പോഷകാഹാരക്കുറവിനെയോ ആത്മനിയന്ത്രണമില്ലായ്മയെയോ സൂചിപ്പിക്കുന്ന ഒന്നല്ലെന്ന് വിദഗ്ധർ പറയുന്നു. ‘എവരിഡേ എക്സ്പ്ലെയിൻഡ്’ എന്ന പരമ്പരയിലൂടെ ബെംഗളൂരുവിലെ മണിപ്പാൽ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ വിദഗ്ധ ഡോ. നേത്ര എൻ. ഭക്ഷണശേഷം മധുരം കഴിക്കാനുള്ള പ്രവണതയുടെ ശാസ്ത്രീയ വശങ്ങൾ വ്യക്തമാക്കുന്നു.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ ചേരുവകളും അവയിലെ പോഷകാംശങ്ങളുമാണ് ഇതിലെ മുഖ്യഘടകം. മൈദ, വെളുത്ത അരി, അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയിൽ കാർബോഹൈഡ്രേറ്റ് ഉയർന്ന തോതിലുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ പെട്ടെന്ന് ഉയരുന്നു. ഇതിനെ ക്രമീകരിക്കാൻ ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിലും ഇൻസുലിനിലും ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ പലരിലും ഭക്ഷണത്തോടുള്ള ആഗ്രഹം വർദ്ധിപ്പിക്കാൻ കാരണമാകും. എന്നാൽ മധുരം കഴിക്കണമെന്ന് തോന്നുന്നത് കൊണ്ട് മാത്രം ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവാണെന്ന് അർത്ഥമില്ലെന്നും ഡോക്ടർ വിശദീകരിക്കുന്നു.
ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, നാരുകൾ (ഫൈബർ), ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെ അനുപാതം വളരെ പ്രധാനമാണ്. ആവശ്യത്തിന് പോഷകങ്ങൾ ഇല്ലാത്ത ഭക്ഷണം കഴിച്ചാൽ വയറു നിറഞ്ഞതായുള്ള സംതൃപ്തി അധികസമയം നിലനിൽക്കില്ല. പ്രോട്ടീനും നാരുകളും ദഹനപ്രക്രിയയെ സാവധാനത്തിലാക്കി വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒപ്പം ആരോഗ്യകരമായ കൊഴുപ്പുകൾ വയറുനിറഞ്ഞ പ്രതീതി നൽകുകയും ചെയ്യുന്നു. പ്രധാനമായും കാർബോഹൈഡ്രേറ്റുകൾ മാത്രം അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് പെട്ടെന്ന് വീണ്ടും വിശക്കുന്നതും മധുരപലഹാരങ്ങളോട് പ്രിയം തോന്നുന്നതും സ്വാഭാവികമാണ്.
ശാരീരിക കാരണങ്ങൾക്ക് പുറമെ മാനസികമായ ഘടകങ്ങളും ഇതിനുണ്ട്. വർഷങ്ങളായി പിന്തുടരുന്ന ഒരു ശീലമായി മധുരം കഴിക്കുന്നത് പലരിലും മാറിയിട്ടുണ്ടാകാം. മധുരം കഴിക്കുന്നതിനെ സന്തോഷം, ആശ്വാസം, ആഘോഷം തുടങ്ങിയ വികാരങ്ങളുമായി നമ്മുടെ തലച്ചോർ ബന്ധിപ്പിക്കുന്നു. ഇതോടെ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ മധുരം വേണമെന്നൊരു പ്രതീക്ഷ തലച്ചോറിൽ സ്വാഭാവികമായി രൂപപ്പെടുന്നു. തലച്ചോറിലെ ഡോപമിൻ പോലുള്ള റിവാർഡ് സിസ്റ്റങ്ങളും ഈ ശീലത്തെ കൂടുതൽ ബലപ്പെടുത്തുന്നു.
ഉറക്കക്കുറവ്, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയും മധുരത്തോടുള്ള ആസക്തി വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൃത്യമായ ഉറക്കം ലഭിക്കാത്തത് വിശപ്പിനെ നിയന്ത്രിക്കുന്ന ഗ്രെലിൻ, ലെപ്റ്റിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്തെ താളംതെറ്റിക്കുന്നു. ഇതിന്റെ ഫലമായി കൂടുതൽ ഊർജ്ജം നൽകുന്ന മധുരമുള്ള ഭക്ഷണങ്ങളോട് ശരീരത്തിന് പ്രത്യേക താല്പര്യം തോന്നാം.




