HEALTH

കേരളത്തിൽ നിപ ഭീഷണി; ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ നിപ വൈറസ് രോഗബാധ വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുൻ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ മുന്നറിയിപ്പ് നൽകുന്നു. വൈറസ് വാഹകരായ പഴംതീനി വവ്വാലുകളിൽ പകുതിയോളം എണ്ണത്തിലും നിപയുടെ സാന്നിധ്യമുണ്ടാകാം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ്, ടെറോപസ് മീഡിയസ് വിഭാഗത്തിൽപ്പെട്ട ഈ വവ്വാലുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ രോഗം പടർത്താൻ കാരണമാകുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ജനസാന്ദ്രതയേറിയ കേരളത്തിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള ഇടപഴകൽ വർധിക്കുന്നത് ഇത്തരം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു.

വവ്വാലുകൾ തമ്മിൽ പരസ്പരം സമ്പർക്കത്തിലാകുമ്പോൾ വൈറസ് വ്യാപനം നടക്കുന്നുണ്ടെങ്കിലും, അവ ചത്തുപോകുന്നില്ല എന്നതാണ് ഭീഷണി വർധിപ്പിക്കുന്നത്. രോഗാണുക്കളെ ദീർഘകാലം വഹിക്കുന്ന ഇവ തുടർച്ചയായി വൈറസിനെ പുറന്തള്ളുന്നു. നേരത്തെയുള്ള നിരീക്ഷണങ്ങളിൽ 22 ശതമാനം വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിൽ, നിലവിൽ അത് 50 ശതമാനത്തോളം ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ നിപ കേസുകൾ കേരളത്തിൽ ആവർത്തിച്ചുണ്ടാകാൻ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നിപ കോഴിക്കോട് ജില്ലയിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും സംസ്ഥാനത്തെ ഏത് പ്രദേശത്തും ഇത് റിപ്പോർട്ട് ചെയ്യപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. 2019ൽ ഇടുക്കിയിൽ നിപ ബാധ കണ്ടെത്തിയ കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളം ഇത്തരം വിവരങ്ങൾ വളരെ സുതാര്യമായി പുറത്തുവിടുന്നതുകൊണ്ടാണ് ഇവിടെ രോഗബാധ കൂടുതൽ ചർച്ചയാകുന്നതെന്നും, മറ്റ് പലയിടങ്ങളിലും ഇത്തരം വിവരങ്ങൾ പുറത്തറിയാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2018-ൽ നിപ ബാധിച്ച ആദ്യഘട്ടത്തിൽ രോഗവ്യാപനത്തിന്റെ ഗൗരവം തിരിച്ചറിയാൻ 18 ദിവസം വൈകിയിരുന്നു. 70 മുതൽ 100 ശതമാനം വരെ മരണനിരക്ക് പ്രതീക്ഷിച്ചിരുന്ന അക്കാലത്ത് വലിയ ആശങ്കയാണ് നിലനിന്നിരുന്നത്. മലബാറിൽ ഏകദേശം 254 പേർക്ക് വരെ രോഗം ബാധിക്കാമെന്നായിരുന്നു അന്ന് നടത്തിയ പഠനങ്ങളുടെ വിലയിരുത്തൽ. മുന്നൂറോളം രോഗികളെ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കിയെങ്കിലും അന്ന് പിപിഇ കിറ്റുകളുടെ കടുത്ത ക്ഷാമം നേരിട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗവേഷണ സമിതി രൂപീകരിച്ചതടക്കമുള്ള സുപ്രധാന തീരുമാനങ്ങൾ അന്ന് കൈക്കൊണ്ടിരുന്നുവെന്ന് അദ്ദേഹം വിവരിച്ചു.

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും എം.എൽ.എ ടി.പി. രാമകൃഷ്ണനും നൽകിയ സംഭാവനകൾ നിർണായകമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. നിപയിൽ നിന്ന് പഠിച്ച പ്രധാന പാഠങ്ങൾ രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തലും സർക്കാർ ആശുപത്രികളിലെ അണുബാധ നിയന്ത്രണവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തലച്ചോറുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളോടെ എത്തുന്ന യുവാക്കളിൽ നിപ പരിശോധന നിർബന്ധമാണെന്ന മാർഗനിർദേശം അവഗണിച്ചതിലൂടെ അന്ന് 13 പേർക്ക് രോഗം പകർന്നിരുന്നു. ആശുപത്രികളിലെ അണുബാധ നിയന്ത്രണത്തിലെ പിഴവുകളും രോഗവ്യാപനത്തിന് വഴിയൊരുക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Life Style ⏭️

Back to top button