വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് ഫോം 6 സമർപ്പിക്കാം; നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പുതുക്കലിന്റെ (എസ്ഐആർ) ഭാഗമായി പുറത്തിറക്കിയ കരട് പട്ടികയിൽ പേര് വരാത്ത പഴയ വോട്ടർമാർക്കും അന്തിമ പട്ടികയിൽ ഇടംപിടിക്കാൻ ഫോം 6 ഉപയോഗിച്ച് അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുൻപ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നിട്ടും നിലവിലെ എസ്ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക്, പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യുന്നു എന്ന സത്യവാങ്മൂലം ഫോം 6-ൽ നൽകി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇക്കാര്യത്തിൽ വോട്ടർമാർക്കിടയിലുണ്ടായ അവ്യക്തത പരിഹരിച്ചുകൊണ്ടാണ് കമ്മിഷൻ പുതിയ നിർദ്ദേശം നൽകിയത്.
നേരത്തെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നവർക്ക് കരട് പട്ടികയിൽ പേരില്ലാത്തതിന്റെ പേരിൽ മാത്രം അപേക്ഷ നൽകുന്നതിൽ തടസ്സങ്ങളൊന്നുമില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. അന്തിമ പട്ടികയിൽ പേര് ചേർക്കുന്നതിനായി നിശ്ചിത നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ അപേക്ഷ സമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്. മുൻപ് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നു എന്ന കാരണത്താൽ ഫോം 6 വഴി അപേക്ഷിക്കുന്നവരിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ നടപടിയെടുക്കില്ലെന്നും അധികൃതർ ഉറപ്പുനൽകി. എന്നാൽ, മറ്റൊരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ പേര് നിലവിലില്ലെന്ന് അപേക്ഷകർ ഉറപ്പാക്കേണ്ടതുണ്ട്.




