SPORTS
ആ അധ്യായം അവസാനിച്ചു, പാക്ക് ടീമിലേക്ക് ഇനി ഒരു തിരിച്ചുവരവില്ല: വെളിപ്പെടുത്തലുമായി വെറ്ററൻ താരം

ലണ്ടൻ∙ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലേക്ക് ഇനി ഒരു തിരിച്ചുവരവുണ്ടാകില്ലെന്ന് വെറ്ററൻ താരം മുഹമ്മദ് ആമിർ. ബ്രിട്ടിഷ് പൗരത്വം നേടിയതോടെ പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങൾക്ക് വേണ്ടി കളിക്കാൻ തനിക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് ആമിർ പറഞ്ഞു. ഫുർഖാൻ ഭട്ടിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഈ വർഷമാദ്യം നടന്ന പ്ലെയർ ഡ്രാഫ്റ്റിൽ വിദേശ താരം എന്ന നിലയിൽ ആരും വാങ്ങാതിരുന്നതിനെ തുടർന്ന്, അടുത്തിടെ നടന്ന ‘ദ് ഹണ്ട്രഡ്’ ടൂർണമെന്റിൽ പ്രാദേശിക കളിക്കാരനായാണ് ആമിർ കളിച്ചത്. ഭാര്യ നർജിസ് ഖാൻ വഴിയാണ് ആമിറിന് ബ്രിട്ടിഷ് പൗരത്വം ലഭിച്ചത്.ഭാവി പദ്ധതികളെക്കുറിച്ചും ഐപിഎലിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക്, പാക്കിസ്ഥാൻ സൂപ്പർ ലീഗിനാണ് (പിഎസ്എൽ) താൻ നിലവിൽ മുൻഗണന നൽകുന്നതെന്നും ഐപിഎൽ പ്രവേശനത്തെക്കുറിച്ച് ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും ആമിർ വ്യക്തമാക്കി. ‘‘2027ലെ പിഎസ്എലിൽ ഞാൻ വിദേശതാരമായി കളിക്കും. എന്നാൽ ഐപിഎലിന്റെ കാര്യത്തിൽ, ഞാൻ പങ്കെടുക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.’’– ദ് ഹണ്ട്രഡ് ടൂർണമെന്റിനിടെ ആമിർ പ്രതികരിച്ചു.2024 ട്വന്റി20 ലോകകപ്പിന് ശേഷമാണ് ആമിർ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. പാക്കിസ്ഥാന് വേണ്ടി 36 ടെസ്റ്റുകളും 61 ഏകദിനങ്ങളും 62 ട്വന്റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഏറ്റവും മികച്ച ഇടങ്കയ്യൻ പേസ് ബോളർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആമിറിന്, ഫ്രാഞ്ചൈസി ലീഗുകളിൽ ഇപ്പോഴും വലിയ ഡിമാൻഡുണ്ട്.
Auto ⏭️


