NEWS
‘പ്രവർത്തകർ ചെയ്ത തെറ്റ് തിരുത്തണം’; ടി.കെ.ഗോവിന്ദൻ അവസരവാദിയെന്ന് പിണറായി; ബ്രൂട്ടസെന്ന് രാഗേഷ്

മയ്യിൽ (കണ്ണൂർ) ∙ ടി.കെ.ഗോവിന്ദനെപ്പോലെയുള്ള അവസരവാദിയെ സ്വീകരിക്കാൻ തയാറായതിലുള്ള പശ്ചാത്താപം തളിപ്പറമ്പ് മണ്ഡലത്തിലെ പലർക്കും ഇപ്പോൾ ഉണ്ടായിട്ടുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ ജയം എല്ലാക്കാലവും നിലനിൽക്കില്ല. പരാജയപ്പെടേണ്ട മണ്ഡലമല്ല തളിപ്പറമ്പ്. ഇവിടെയുണ്ടായത് 11 ശതമാനത്തിലധികം വോട്ടിന്റെ കുറവാണ്. സിപിഎം പ്രവർത്തകരിൽ ചിലർ എൽഡിഎഫിനു വോട്ടു ചെയ്തില്ല. അതു ഗൗരവമായ കാര്യമാണ്. ഇവർ സിപിഎമ്മിനെതിരെ ചിന്തിച്ചവരല്ല. പാർട്ടിക്കൊപ്പം നിന്നവർ എന്തുകൊണ്ടാണു മാറാനിടയായത്? ആരെയാണു വിശ്വാസത്തിലെടുത്തത്? ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളാൻ നിങ്ങൾ തയാറാകണം. അതാണു പ്രധാനം – മയ്യിലിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു പിണറായി പറഞ്ഞു.പാർട്ടിയെ തകർക്കുക എന്ന എതിരാളികളുടെ ഉദ്ദേശം മനസ്സിലാക്കാതിരുന്ന ഒരു കൂട്ടം അവസരവാദിയായ ടി.കെ.ഗോവിന്ദനെ സ്വീകരിക്കുന്ന നിലയുണ്ടായി. പാർട്ടി തകരണം എന്നാഗ്രഹിക്കുന്നവരല്ല ഗോവിന്ദനെ സ്വീകരിച്ചത്. അവരിൽ ഇപ്പോൾ ഖേദിക്കുന്നവരുണ്ടാകാം.–അദ്ദേഹം പറഞ്ഞു.
Fashion ⏭️


