SPORTS
‘പോയി, വല്ല ബിസിനസ്സും ചെയ്യൂ..’: തിരിച്ചുവരവിനെക്കുറിച്ച് ചോദിച്ചപ്പോൾ സിലക്ടറുടെ മറുപടി ഞെട്ടിച്ചു: വെളിപ്പെടുത്തലുമായി പാർഥിവ് പട്ടേൽ

മുംബൈ ∙ ഇന്ത്യയെപ്പോലൊരു രാജ്യത്ത്, ദേശീയ ക്രിക്കറ്റ് ടീമിൽ അവസരം ലഭിക്കുന്നതിന് വെറും കഠിനാധ്വാനം മാത്രം പോരാ. താരങ്ങളുടെ അതിപ്രസരം മൂലം, കഴിവുള്ള പല താരങ്ങളും ദേശീയ ടീമിൽ ഇടം നേടാനാകാതെ പോയ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. പാർഥിവ് പട്ടേൽ അത്തരമൊരു കളിക്കാരനാണ്. 2002ൽ, തന്റെ 17-ാം വയസ്സിലാണ് പാർഥിവ് പട്ടേൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ രാജ്യാന്തര കരിയറിൽ പലതവണ താരം ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടു. എം.എസ് ധോണിയുടെ വരവോടെയാണ് അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്. 2008ൽ ശ്രീലങ്കയ്ക്കെതിരെ തിരിച്ചുവരവ് നടത്തിയെങ്കിലും വീണ്ടും ഒഴിവാക്കപ്പെട്ടു. തുടർന്ന് 2009-10 സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ താൻ കരിയറിലെ ഏറ്റവും മികച്ച ഫോമിലായിരുന്നെന്ന് പാർഥിവ് പറഞ്ഞു. എന്നാൽ 2010ൽ തന്റെ സാധ്യതകളെക്കുറിച്ച് ഒരു ദേശീയ സിലക്ടറോട് ചോദിച്ചപ്പോൾ അദ്ദേഹത്തിൽനിന്നു ലഭിച്ചത് ഞെട്ടിപ്പിക്കുന്ന മറുപടിയായിരുന്നെന്ന് പാർഥിവ് പറഞ്ഞു. ‘‘ഓസ്ട്രേലിയൻ പര്യടനത്തിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്, ഞാൻ സിലക്ടർ ദിലീപ് വെങ്സർക്കാരിനെ വിളിച്ച് എന്റെ സാധ്യതകളെക്കുറിച്ച് ചോദിച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: ‘നിർഭാഗ്യകരമായിപ്പോയി, കഠിനാധ്വാനം തുടരുക.’ എന്നാൽ 2011 ആയപ്പോഴേക്കും, ഞാൻ എല്ലാ സീസണിലും സ്ഥിരതയോടെ 700-800 റൺസ് സ്കോർ ചെയ്തിരുന്നു. അപ്പോഴേയ്ക്കും സിലക്ഷൻ കമ്മിറ്റിയും മാറിയിരുന്നു. വെസ്റ്റ് സോണിൽ നിന്നുള്ള പുതിയ സിലക്ടറെ വിളിച്ച് എന്റെ സാധ്യതകളെക്കുറിച്ച് അന്വേഷിച്ചപ്പോൾ എനിക്ക് ഞെട്ടിപ്പിക്കുന്ന ഒരു ഉപദേശമാണ് ലഭിച്ചത്.’’താൻ ഒരിക്കലും ധോണിയുമായി മത്സരത്തിലായിരുന്നില്ലെന്നും പാർഥിവ് കൂട്ടിച്ചേർത്തു.‘‘ഞാൻ ഒരിക്കലും എം.എസ് ധോണിയുമായി മത്സരത്തിലായിരുന്നില്ല, കാരണം അദ്ദേഹം മറ്റൊരു തലത്തിലായിരുന്നു. രണ്ടാമത്തെ കീപ്പറുടെ സ്ഥാനത്തിന് വേണ്ടി മാത്രമായിരുന്നു മത്സരം. അദ്ദേഹത്തിന്റെ പ്രകടനങ്ങളും കളിക്കാരനെന്ന നിലയിലുള്ള പദവിയും ക്യാപ്റ്റൻസിയും കാരണം ഒന്നാമത്തെ കീപ്പറുടെ സ്ഥാനത്തെക്കുറിച്ച് ആരും സംസാരിക്കുന്നുപോലും ഉണ്ടായിരുന്നില്ല. അദ്ദേഹം എപ്പോഴാണ് വിശ്രമമെടുക്കുക, അങ്ങനെ എനിക്ക് കളിക്കാൻ അവസരം ലഭിക്കുക, അല്ലെങ്കിൽ എപ്പോഴാണ് എനിക്ക് ഒരു പര്യടനത്തിന് പോകാൻ അവസരം ലഭിക്കുക എന്നത് മാത്രമായിരുന്നു ഏക ചോദ്യം. എന്നാൽ ഒരു ഘട്ടത്തിൽ ഞാൻ മനസ്സിലാക്കി, നമ്മൾ കളിക്കുന്നത് ഇന്ത്യക്കായാലും ഗുജറാത്തിനായാലും വെസ്റ്റ് സോണിനായാലും ക്ലബ് ക്രിക്കറ്റിലായാലും ക്രിക്കറ്റ് തന്നെയാണ് കളിക്കുന്നത്. ഞാൻ ഏത് തലത്തിൽ കളിച്ചാലും എന്റെ ആവേശം കുറയരുത്. രഞ്ജി ട്രോഫി ക്രിക്കറ്റ് 50-60% ആവേശത്തോടെ കളിച്ചിട്ട്, പെട്ടെന്ന് കളിയുടെ വേഗതയൊന്നും അറിയാതെ ഒരു ടെസ്റ്റ് മാച്ച് കളിക്കാൻ ഇറങ്ങുക എന്നത് നടപ്പുള്ള കാര്യമല്ല. എന്റെ തയാറെടുപ്പുകൾ എപ്പോഴും ഞാൻ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് പോലെ തന്നെയായിരിക്കണം. എനിക്ക് എപ്പോൾ അവസരം ലഭിച്ചാലും ഞാൻ അതിനായി സജ്ജനായിരിക്കണം.’’ പാർഥിവ് പറഞ്ഞു.
Auto ⏭️




