SPORTS

‘എനിക്ക് കിട്ടിയില്ല, ഇനി കോടതിയിൽ കാണാം’: അടങ്ങാതെ രാജ് കുന്ദ്ര, രാജസ്ഥാൻ റോയൽസിനെതിരെ നിയമപോരാട്ടം


ന്യൂഡൽഹി ∙ ഐപിഎൽ ഫ്രാഞ്ചൈസി രാജസ്ഥാൻ റോയൽസിന്റെ സഹഉടമ മനോജ് ബദാലെയുടെ എമേർജിങ് മീഡിയ വെഞ്ചേഴ്സിനെതിരെ നിയമനടപടിയുമായി രാജസ്ഥാൻ റോയൽസിന്റെ മുൻ സഹഉടമയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര. തന്റെ ഓഹരി പങ്കാളിത്തത്തിന്റെ യഥാർഥ മൂല്യം തനിക്ക് ലഭിച്ചില്ലെന്ന് രാജ് കുന്ദ്ര പറഞ്ഞു. ഈ വിഷയത്തിലെ സത്യാവസ്ഥയെക്കുറിച്ച് താൻ ഇതുവരെ നിശബ്ദത പാലിക്കുകയായിരുന്നെന്നും രേഖകളും തെളിവുകളും സഹിതം ബിസിസിഐക്ക് കത്തയച്ചിട്ടുണ്ടെന്നും കുന്ദ്ര വ്യക്തമാക്കി. അടുത്തിടെ, രാജസ്ഥാൻ റോയൽസിന്റെ 1.63 ബില്യൻ ഡോളറിന്റെ വിൽപനയെ ചോദ്യം ചെയ്ത് രാജ് കുന്ദ്ര ബിസിസിഐയെയും കോടതിയെയും സമീപിച്ചിരുന്നു. 2015ൽ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഓഹരികൾ കൈമാറ്റം ചെയ്തതെന്നും, തന്റെ 11.7% ഓഹരികൾ തിരികെ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു നടപടി. ഉടമസ്ഥാവകാശ ഘടന ഇപ്പോഴും നിയമപരമായ വെല്ലുവിള നേരിടുന്നതിനാൽ, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം കൈമാറുന്നത് ഈ ഘട്ടത്തിൽ അനുവദിക്കരുതെന്നും കുന്ദ്ര ആവശ്യപ്പെട്ടു.ഈമാസമാദ്യം, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ഹൈക്കോടതി എമേർജിങ് മീഡിയ വെഞ്ചേഴ്സിന് രാജ് കുന്ദ്ര 4.94 മില്യൻ യുഎസ് ഡോളർ തിരികെ നൽകാൻ ഉത്തരവിട്ടിരുന്നു. കൂടാതെ, രാജസ്ഥാൻ റോയൽസിന്റെ മുൻ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് അദ്ദേഹത്തെ സ്ഥിരമായി വിലക്കുകയും ചെയ്തു. എങ്കിലും മനോജ് ബദാലെയ്ക്കും അദ്ദേഹത്തിന്റെ കമ്പനിയായ എമേർജിങ് മീഡിയ വെഞ്ചേഴ്സിനുമെതിരെ കുന്ദ്ര ഇപ്പോൾ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ലക്ഷ്മി മിത്തൽ നയിക്കുന്ന കൺസോർഷ്യത്തിന് രാജസ്ഥാനെ വിറ്റെങ്കിലും മനോജ്് ബദാലെയ്ക്ക് ഇപ്പോൾ ഓഹരി അവകാശമുണ്ട്.


Auto ⏭️

Back to top button