NEWS
പ്രവാസികൾക്ക് ഇന്ത്യയിലെ അപേക്ഷകരേക്കാൾ 359 ശതമാനം ഫീസ് വർധന: കേന്ദ്ര സർക്കാരിന് മൂന്നാഴ്ച സമയം അനുവദിച്ച് ഹൈക്കോടതി

ന്യൂഡൽഹി∙ പാസ്‌പോർട്ട് ഫീസ് വർധനയിൽ മൂന്ന് ആഴ്ചയ്ക്കകം കേന്ദ്രസർക്കാരിന് നിർദേശവുമായി ഡൽഹി ഹൈക്കോടതി. പ്രവാസി ലീഗൽ സെൽ കേരള ഘടകം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിയെ നിവേദനമായി പരിഗണിച്ച്, നിയമാനുസൃതമായ ഉചിതമായ തീരുമാനം സ്വീകരിക്കാനും, അതിന്റെ വിവരം പ്രവാസി ലീഗൽ സെല്ലിനെ അറിയിക്കാനും കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.ഇന്ത്യയിലെ അപേക്ഷകരേക്കാൾ ഏകദേശം 330 മുതൽ 359 ശതമാനം വരെ ഉയർന്ന ഫീസാണ് പ്രവാസികൾ നൽകേണ്ടിവരുന്നതെന്ന് പ്രവാസി ലീഗൽ സെൽ പറയുന്നു. ഇതിന് പുറമെ VFS/BLS സർവീസ് ചാർജ്, കൊറിയർ ഫീസ്, യാത്രാച്ചെലവ്, രേഖാച്ചെലവ്, തൊഴിൽദിന നഷ്ടം എന്നിവയും അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് പ്രവാസി ലീഗൽ സെൽ അറിയിച്ചു.കേന്ദ്രസർക്കാർ പ്രവാസി സൗഹൃദവും നീതിയുക്തവുമായ തീരുമാനം സ്വീകരിക്കുമെന്നാണ് പ്രവാസി ലീഗൽ സെൽ പ്രതീക്ഷിക്കുന്നത്. സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രവാസികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിനായി നിയമപരവും ജനാധിപത്യപരവുമായ തുടർനടപടികൾ സ്വീകരിക്കുമെന്നും സംഘടന വ്യക്തമാക്കി.
Fashion ⏭️


