SPORTS

ആ ‘മിസുകളുടെ’ വില വിൻഡീസിനെ പഠിപ്പിച്ച് സഞ്ജു, ക്രീസിലുണ്ടെങ്കിൽ അടിയുറപ്പ്, വിമർശകർക്ക് ഇനി മിണ്ടാതിരിക്കാം!


കഴിഞ്ഞ മാസം 15, 17 തീയതികളിൽ നടന്ന അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങളിൽ 57,50 എന്നിങ്ങനെയായിരുന്നു സഞ്ജു സാംസണിന്റെ സ്കോറുകൾ. അതിനു ശേഷം ഏഷ്യൻ ഗെയിംസിൽ 9,7,2, വിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 11 റൺസ്. ഇന്ത്യയ്ക്ക് ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത സഞ്ജു സാംസണെ ടീമിൽനിന്നു പുറത്താക്കണമെന്നു പറയാൻ ഒരു വിഭാഗം ആരാധകർക്ക് ഇത്രയും ഇന്നിങ്സ് മതിയായിരുന്നു. സ്ഥിരതയുടെ പേരിലുള്ള പഴികൾ സഞ്ജുവിനെതിരെ അതിവേഗം ഉയരാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. 15 വയസ്സുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനു പുറത്ത് അവസരത്തിനായി കാത്തിരിക്കുകയാണ്. സഞ്ജു സാംസണെയോ അഭിഷേക് ശർമയെയോ മാറ്റാതെ ഓപ്പണിങ് ബാറ്ററായി മാത്രം കളിച്ചു ശീലിച്ച വൈഭവിനെ ഇറക്കുക സാധ്യമല്ല. 41 പന്തിൽ 82 റണ്‍സ്. 21 പന്തിൽ അർധ സെഞ്ചറി. നാല് സിക്സുകളും ഒൻപതു ഫോറുകളുമാണ് ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണിയുടെ നാട്ടിൽ നടന്ന രണ്ടാം ‍ട്വന്റി20യിൽ സഞ്ജു ബൗണ്ടറി കടത്തിയത്. ഒന്നുകിൽ സഞ്ജുവിനെ തുടക്കത്തിൽ തന്നെ പുറത്താക്കുക. കുറച്ചുനേരം ഗ്രൗണ്ടിലുണ്ടെങ്കിൽ പിന്നെ പിടിച്ചുനിർത്താൻ പാടാണ്. ട്വന്റി20യിൽ സ്ഥിരതയുടെ ‘പര്യായമായ’ 30–40 റൺസുകൾ നേടി ഓരോ മത്സരത്തിലും ടീമിലെ സ്ഥാനം സുരക്ഷിതമായി വയ്ക്കുന്ന ശീലമല്ല സഞ്ജുവിന്റേത്. പെട്ടെന്നു പുറത്തായാലും 20 പന്തിൽ 30 എടുക്കുന്നതിനേക്കാളും രണ്ടു പന്തിൽ 12 സ്കോർ ചെയ്യുന്നതാണ് സഞ്ജുവിന്റെ കളി ശൈലി. വലിയ സ്കോർ എന്നതിനേക്കാൾ അതു ടീമിന് എങ്ങനെ ഉപകരിക്കുന്നുവെന്നതാണു പ്രധാനമെന്ന് സഞ്ജു തന്നെ പറഞ്ഞിട്ടുള്ളതാണ്. ആറു റൺസിൽ നിൽക്കെയും 42 റൺസിൽ നിൽക്കെയും രണ്ടു തവണ സഞ്ജുവിനെ ക്യാച്ചെടുത്തു പുറത്താക്കാനുള്ള അവസരങ്ങൾ വെസ്റ്റിൻഡീസ് താരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. അതിന്റെ വില എത്രത്തോളമുണ്ടെന്നു വൈകാതെ അവർ തിരിച്ചറിഞ്ഞു.അകീൽ ഹുസെയ്ന്റെ അഞ്ചാം ഓവറിലെ ആദ്യ നാലു പന്തുകളിൽ രണ്ടു സിക്സുകളും അത്ര തന്നെ ഫോറുകളും ബൗണ്ടറി കടത്തിയ മലയാളി താരം നയം വ്യക്തമാക്കി. റൊമാരിയോ ഷെഫേർഡിനെ മിഡ് ഓഫിലേക്കു ബൗണ്ടറി കടത്തി 21 പന്തിൽ സഞ്ജു അർധ സെഞ്ചറി ആഘോഷിച്ചു. മറുവശത്ത് ഇഷാൻ കിഷനും ബൗണ്ടറികൾ കണ്ടെത്തിയതോടെ സമയമെടുത്തു കളിക്കാനുള്ള അവസരം സഞ്ജുവിനു ലഭിച്ചു. ഷമാർ ജോസഫിന്റെ പത്താം ഓവറിലെ ആദ്യ പന്ത് അതിർത്തി കടത്തിയ ശേഷം, 22–ാം പന്തുകൾക്കപ്പുറമാണ് സഞ്ജു വീണ്ടുമൊരു ബൗണ്ടറി നേടുന്നത്. അതിനിടെ ഇഷാൻ കിഷൻ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തുകയും 43 റൺസെടുത്തു പുറത്താകുകയും ചെയ്തു.


Auto ⏭️

Back to top button