SPORTS
ഒൻപതാമനായി ഇറങ്ങി, 9 സിക്സർ തൂക്കി പാക്ക് താരത്തിന്റെ വെടിക്കെട്ട്, ഒരെണ്ണം പതിച്ചത് ഹോട്ടലിൽ; എഴുന്നേറ്റുനിന്ന് കയ്യടിച്ച് ഇംഗ്ലിഷ് ആരാധകർ– വിഡിയോ

ബർമിങ്ങാം ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിങ്സിൽ ഒൻപതാമനായി ഇറങ്ങി തകർപ്പൻ അർധസെഞ്ചറി നേടി പുറത്തായ റസാവുല്ലയെ എഴുന്നേറ്റുനിന്നു കയ്യടിച്ച് അഭിനന്ദിച്ച് ഗാലറി. അരങ്ങേറ്റ ടെസ്റ്റിൽ 9 സിക്സുകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് വെറും 63 പന്തിൽ റസാവുല്ല 81 റൺസ് അടിച്ചുകൂട്ടിയത്. ജോഷ് ടങ്, ഗസ് ആറ്റ്കിൻസൻ, ജോഫ്ര ആർച്ചർ, ഡാൻ ലോറൻസ് എന്നിവരെല്ലാം റസാവുല്ലയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ലോറൻസിനെതിരായ സിക്സർ ഗ്രൗണ്ടിനു സമീപമുള്ള ഹോട്ടലിൽ ചെന്നാണ് പതിച്ചത്. റസാവുല്ലയുടെ വെട്ടിക്കെട്ട് ബാറ്റിങ് കരുത്തിൽ, ഇംഗ്ലണ്ടിനെതിരെ 129 റൺസിന്റെ ലീഡ് നേടാനും പാക്കിസ്ഥാനു സാധിച്ചു. ഷാൻ മസൂദ് (95), ബാബർ അസം (76), അസാൻ അവൈസ് (59), മുഹമ്മദ് അബ്ബാസ് (67 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങും പാക്കിസ്ഥാനു കരുത്തായി. ഒൻപതാം വിക്കറ്റിൽ റസാവുല്ലയും അബ്ബാസും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തു. പത്താമനായാണ് റസാവുല്ല പുറത്തായത്. ആദ്യ ഇന്നിങ്സിൽ 320 റൺസ് ലീഡ് വഴങ്ങിയ പാക്കിസ്ഥാൻ, രണ്ടാം ഇന്നിങ്സിൽ 449 റൺസെടുത്താണ് പുറത്തായത്. രണ്ടു ദിനം ബാക്കിനിൽക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 130 റൺസാണ് വേണ്ടത്. നേരത്തെ, റസാവുല്ലയുടെ ബോളിങ് ആക്ഷനും വേഗതയും കണ്ട് സമൂഹമാധ്യമങ്ങളിൽ തരാത്തെ ‘അടുത്ത വഖാർ യൂനിസ്’ എന്ന് വിശേഷിപ്പിച്ചിരുന്നു. ആദ്യ രണ്ടു ടെസ്റ്റുകളിലും ദയനീയമായി തോറ്റതിനു പിന്നാലെയാണ് റസാവുല്ല ഉൾപ്പെടെ ഏഴു താരങ്ങളെ പാക്കിസ്ഥാൻ പകരക്കാരായി ടീമിലുൾപ്പെടുത്തിയത്. റസാവുല്ലയെ കൂടാതെ രാജ്യാന്തര അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത അറഫാത്ത് മിൻഹാസ്, മുഹമ്മദ് ഇമ്രാൻ ജൂനിയർ, സാദ് ബെയ്ഗ്, മുഹമ്മദ് ഇമ്രാൻ രൺധാവ എന്നിവരും ടീമിലുണ്ടായിരുന്നു.
Auto ⏭️


