NEWS
കുരുന്നുകൾക്ക് ആദ്യാക്ഷരമധുരം പകർന്ന് മുഖ്യമന്ത്രി

കൊച്ചി: വിജയദശമി ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യാക്ഷര മധുരം പകർന്നത് 25 കുട്ടികൾക്ക്. പറവൂരിലെ എം.എൽ.എ ഓഫീസായ ‘ദേവരാഗ”ത്തിലായിരുന്നു ചടങ്ങ്. പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്ര ദർശനത്തിനു ശേഷമാണ് മുഖ്യമന്ത്രി എത്തിയത്.
പ്രതിപക്ഷ നേതാവായപ്പോൾ തുടങ്ങിയ പതിവാണ് മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹം തുടർന്നത്. ആദ്യാക്ഷരം കുറിച്ച കുരുന്നുകൾക്ക് മധുരം നൽകി. കുഞ്ഞുങ്ങൾ നൽകിയ ദക്ഷിണത്തുക പെരുവാരം ശിവക്ഷേത്രത്തിൽ സമർപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള കുട്ടികൾ പറവൂരിലെത്തിയിരുന്നു. രക്ഷിതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. വിദ്യാരംഭ ദിവസം നാട്ടിലായതിനാൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അദ്ദേഹം നാല് കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.




