SPORTS

അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി, കൂടാതെ ‘ഹോക് ഐയും’, അംപയർമാർക്കു പിഴയ്ക്കില്ല, തീരുമാനങ്ങൾ കിറുകൃത്യം


തിരുവനന്തപുരം∙ വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അംപയർമാരുടെ മികച്ച നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ കെ.എൻ. അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങുന്ന 15 അംഗ പാനലാണ് ഇത്തവണ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. കൃത്യമായ തീരുമാനങ്ങൾ ഉറപ്പുവരുത്തുക വഴി മത്സരങ്ങളും ടൂർണമെന്റും രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ചൊരു പാനലിനെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.മുൻ കേരള ടീം ക്യാപ്റ്റൻ എന്ന നിലയിലും ഐസിസി എലീറ്റ് പാനലിൽ ഇടംനേടിയ ആദ്യ മലയാളി അംപയറെന്ന നിലയിലും കായിക കേരളത്തിന് അഭിമാനമായ വ്യക്തിത്വമാണ് കെ.എൻ. അനന്തപത്മനാഭൻ. നിരവധി രാജ്യാന്തര പോരാട്ടങ്ങളിലും ഐപിഎൽ ഉൾപ്പടെയുള്ള വൻകിട ട്വന്റി20 ലീഗുകളിലും മികച്ച രീതിയിൽ കളി നിയന്ത്രിച്ച് മുൻപരിചയമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ലീഗിന് പ്രഫഷണൽ കരുത്തേകും. ഐപിഎൽ, വനിതാ പ്രീമിയർ ലീഗ്, രഞ്ജി ട്രോഫി തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിൽ മികച്ച രീതിയിൽ അംപയറിംഗ് നിർവ്വഹിച്ച ടോണി ഇമ്മട്ടിയാണ് പാനലിലെ മറ്റൊരംഗം. ബിസിസിഐയുടെ ലെവൽ 2 അംപയർ കൂടിയാണ് അദ്ദേഹം. ഇരുവർക്കും പുറമെ വിശ്വജിത്ത് ബി, നിധിൻ കെ, ശിവകുമാർ എ, അലി അസ്ഗർ, ഘനശ്യാം പ്രഭു, ഭരത് എം. എസ്, ജിഷ്ണു അജിത്, ശങ്കർ എസ്. എന്നിവരാണ് ബിസിസിഐ പാനലിലെ മറ്റ് അംപയർമാർ. മധുസൂദനൻ, അഖിൽ വേണുഗോപാൽ, വികാസ് അഗർവാൾ, ഹർഷാദ് ബേസിൽ, ജസ്റ്റിൻ മാടവന എന്നിവരാണ് കെസിഎ പാനലിൽ നിന്നും കെസിഎലിലുള്ളത്.


Auto ⏭️

Back to top button