NEWS

‘കൂടുതൽ ആർജവത്തോടെ സ്വയം പ്രതിരോധിക്കും’; യുദ്ധത്തിന് സൈനികപരമായ പരിഹാരമില്ലെന്ന് ഇറാൻ


ടെഹ്റാൻ ∙ തങ്ങൾക്കെതിരായ അമേരിക്കയുടെ യുദ്ധത്തിന് സൈനികപരമായ യാതൊരു പരിഹാരവുമില്ലെന്ന് വ്യക്തമാക്കി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇരുകൂട്ടരും തമ്മിലുള്ള സമാധാന ചർച്ചകൾ പൂർണമായും സ്തംഭനാവസ്ഥയിലായ പശ്ചാത്തലത്തിലാണ് വിദേശ നയതന്ത്രജ്ഞരുടെ യോഗത്തിൽ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഗൾഫ് മേഖലയിലെ എണ്ണ, വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള ഇറാന്റെ ശ്രമങ്ങളാണ് നിലവിലെ പ്രധാന തർക്കവിഷയം. ഞായറാഴ്ചയും ഇതേ പാതയിൽ വച്ച് തങ്ങളുടെ ഒരു ടാങ്കറിനു നേരെ അജ്ഞാത വസ്തു വന്നിടിച്ചതായി ബ്രിട്ടീഷ് നാവിക സുരക്ഷാ ഏജൻസിയായ യുകെഎംടിഒ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.‘‘ഞങ്ങളുടെ ശത്രുക്കൾ വീണ്ടും സൈനികമായ ഏറ്റുമുട്ടലിന്റെ പാതയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ഞങ്ങളുടെ പ്രതികരണം മുമ്പത്തേക്കാൾ ശക്തമായിരിക്കും. കൂടുതൽ ആർജവത്തോടെ ഞങ്ങൾ സ്വയം പ്രതിരോധിക്കും. പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതുകൊണ്ടോ സൈനിക നടപടികൾ കൊണ്ടോ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകില്ല. നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ചർച്ചകൾക്ക് മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സാധിക്കൂ’’ – അബ്ബാസ് അരാഗ്ചി പറഞ്ഞു.


Fashion ⏭️

Back to top button