SPORTS
ടെസ്റ്റിലെ രണ്ടാം സെഞ്ചറി, ‘രണ്ടുവരി’ ടാറ്റു കാണിച്ച് ജുറേലിന്റെ ആഘോഷം; ആ ‘രഹസ്യം’ വെളിപ്പെടുത്തി താരം– വിഡിയോ

കൊളംബോ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ചറി നേടിയതിനു പിന്നാലെ കയ്യിലെ ടാറ്റു കാണിച്ച് നടത്തിയ ആഘോഷത്തെക്കുറിച്ച് വിശദീകരിച്ച് ഇന്ത്യൻ താരം ധ്രുവ് ജുറേൽ. ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ചറിയാണ് ശ്രീലങ്കയ്ക്കെതിരെ ജുറേൽ കുറിച്ചത്. 177 പന്തിൽ 115 റൺസെടുത്ത ജുറേലിന്റെ ബാറ്റിങ് കരുത്തിൽ 9ന് 503 റൺസെന്ന നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. തന്റെ കൈയിലെ ‘ജയ് ജവാൻ ജയ് കിസാൻ’ എന്നെഴുതിയ ടാറ്റു കാണിച്ചാണ് ജുറേൽ സെഞ്ചറി ആഘോഷിച്ചത്. രണ്ടാം ദിനം, രണ്ടാം സെഷന്റെ തുടക്കത്തിൽ ഋഷഭ് പന്ത് പുറത്തായതിനു പിന്നാലെ ഇന്ത്യൻ ഇന്നിങ്സിന്റെ ചുമതല ജുറേൽ ഏറ്റെടുക്കുകയായിരുന്നു. ഒൻപതാമനായി ഇറങ്ങിയ മാനവ് സുതാറിനെയും (51 പന്തിൽ 18) പത്താമനായി ഇറങ്ങിയ മുഹമ്മദ് സിറാജിനെയും (29 പന്തിൽ 3) കൂട്ടുപിടിച്ച് ജുറേൽ സാവധാനം സ്കോർ ഉയർത്തി. ജുറേൽ സെഞ്ചറിയിലേക്ക് നീങ്ങുന്നതിനിടെ മഴ എത്തിയതോടെ രണ്ടാം സെഷൻ നേരത്തെ അവസാനിപ്പിച്ചു. ജുറേൽ സെഞ്ചറി തികച്ചപ്പോൾ ക്രീസിലൊപ്പമുണ്ടായിരുന്ന മുഹമ്മദ് സിറാജ് കാണിച്ച ആവേശം എടുത്തുപറയേണ്ട ഒന്നായിരുന്നു. ഇതിനെക്കുറിച്ച് ജുറേൽ പറഞ്ഞത് ഇങ്ങനെ: ‘‘ഞാൻ അദ്ദേഹത്തോട് സംസാരിക്കുമ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, സെഞ്ചറി അടിച്ചയാളേക്കാൾ കൂടുതൽ ആഘോഷിക്കുന്നത് സിറാജ് ആണെന്ന്. അത് അദ്ദേഹത്തിന്റെ നല്ലൊരു സ്വഭാവഗുണമാണ്, മാത്രമല്ല അദ്ദേഹം ഇന്ന് മികച്ച രീതിയിൽ ഡിഫൻഡ് ചെയ്ത് കളിക്കുകയും ചെയ്തു.’’
Auto ⏭️


