SPORTS
ഗംഭീര തുടക്കമിട്ട് സേവാഗിന്റെ മകൻ, യഷ്ബര്‍ധൻ ചൗഹാന് സെഞ്ചറി, രണ്ടക്കം കടക്കാനാകാതെ അന്വയ് ദ്രാവിഡ്; ഇന്ത്യയ്ക്ക് വമ്പൻ വിജയം

രാജ്കോട്ട്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ വമ്പൻ വിജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ അണ്ടർ 19 ടീം. 102 റൺസ് വിജയമാണ് രണ്ടാം മത്സരത്തിൽ ഇന്ത്യൻ യുവതാരങ്ങൾ സ്വന്തമാക്കിയത്. ഇന്ത്യയുയർത്തിയ 342 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 41.1 ഓവറിൽ 239 റൺസെടുത്ത് ഓൾഔട്ടായി. സെഞ്ചറിയും രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയ യഷ്ബര്‍ധൻ ചൗഹാന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയ്ക്കു വമ്പൻ വിജയം നേടിക്കൊടുത്തത്. 100 പന്തുകളിൽ 15 ഫോറുകളും രണ്ട് സിക്സുകളും ബൗണ്ടറി കടത്തിയ താരം 122 റൺസ് അടിച്ചെടുത്തു.അതേസമയം രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയ് ദ്രാവിഡിന് ഈ മത്സരത്തിൽ തിളങ്ങാനായില്ല. ഒൻപതു റണ്‍സ് മാത്രമെടുത്താണ് അന്വയ് ദ്രാവിഡ് പുറത്തായത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ബോളർമാർ തകര്‍ത്തെറിഞ്ഞതോടെ ഓസ്ട്രേലിയ 239ന് പുറത്തായി. 29 റൺസെടുക്കുന്നതിനിടെ ഓസീസ് ഓപ്പണര്‍മാരെ മടക്കിയ ഇന്ത്യ മികച്ച തുടക്കം സ്വന്തമാക്കിയിരുന്നു. എന്നാൽ മധ്യനിര താരങ്ങൾ തിളങ്ങിയതോടെ ഓസ്ട്രേലി പൊരുതി നോക്കി. 63 പന്തിൽ 81 റൺസെടുത്ത ക്യാപ്റ്റൻ ജാക് സോസ്നെക്കാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ.
Auto ⏭️




