NEWS

അൻപതോളം പേരുടെ ജീവനെടുത്ത കോട്ടപ്പുഴ: നാട്ടുകാർ പണ്ടേ വിളിച്ചു; ചതിയൻ പുഴ


പൂക്കോട്ടുംപാടം∙ കോട്ടപ്പുഴയ്ക്ക് നാട്ടുകാർ നൽകിയ അപരനാമമാണ് ചതിയൻപുഴ. വലിയ പാറകളിൽ തഴുകി തെളിനീരിൽ ശാന്തമായി ഒഴുകുന്ന പുഴ മിന്നൽ വേഗത്തിൽ കലങ്ങിമറിഞ്ഞ് രൗദ്രഭാവം കൈവരിക്കുന്നതിനാൽ ആണ് ചതിയൻപുഴ എന്ന് പേരുപതിഞ്ഞത്. കിണറുകൾ കുറവുള്ള പ്രദേശമായ ടികെ കോളനിയിലെ പ്രധാന ശുദ്ധജല സ്രോതസ്സ് കോട്ടപ്പുഴയാണ്. കിലോമീറ്ററുകളോളം ദൂരം പൈപ്പുകൾ സ്ഥാപിച്ച് വീട്ടാവശ്യത്തിനും ജലസേചനത്തിനും പുഴയിൽനിന്ന് വെള്ളം എടുക്കുന്നു. ഉൾവനത്തിൽ കോഴിപ്ര മലവാരത്തിൽ നിന്നാണ് കോട്ടപ്പുഴയുടെ ഉദ്ഭവം. വനത്തിലൂടെ കിലോമീറ്ററുകൾ ഒഴുകി ടികെ കോളനിയിൽ എത്തുമ്പോഴാണ് പുഴ ജനവാസ മേഖലയിലേക്കു കടക്കുന്നത്. ഒരു ഭാഗം നിലമ്പൂർ നിയോജക മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്തിൽ ഉൾപ്പെടുന്നു. മറുകര വണ്ടൂർ മണ്ഡലത്തിന്റെ ഭാഗമായ ചോക്കാട് പഞ്ചായത്താണ്. നാട്ടിൽ മഴ ഇല്ലെങ്കിലും മലവാരത്തിൽ മഴ പെയ്താൽ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാകും. കലക്കവെളളമാണ് അപായ സൂചന. ഒഴുക്കിൽ പാറകൾ ഒഴുകിയെത്തും.


Fashion ⏭️

Back to top button