SPORTS
‘എന്നെ ചതിച്ചു, ടീമിലെ സഹതാരവുമായി ആഷ്ലി ഗാർഡ്നർക്ക് ബന്ധമുണ്ടായിരുന്നു’: പേരു വെളിപ്പെടുത്തി മുൻ പങ്കാളി

സിഡ്നി∙ ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിന്റെ ആഘോഷം അവസാനിക്കുന്നതിനു മുൻപ് തന്നെ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് വിവാദം. ഓസീസ് താരം ആഷ്ലി ഗാർഡ്നർക്കെതിരെ മുൻ പങ്കാളിയാണ് രംഗത്തെത്തിയത്. ടീമിലെ സഹതാരമായിരുന്ന ജോർജിയ വോളുമായി ആഷ്ലി ഗാർഡ്നർക്കു ബന്ധമുണ്ടായിരുന്നെന്ന് ഗാർഡ്നറുടെ മുൻ പങ്കാളി മോണിക്ക റൈറ്റ് പരസ്യമായി ആരോപിച്ചു. ടീമിലെ മറ്റൊരു താരവുമായി ഗാർഡ്നർക്ക് ബന്ധമുണ്ടായതിനെ തുടർന്ന് മോണിക്കയുമായുള്ള ദാമ്പത്യം തകർന്നതെന്ന ‘ഡെയ്ലി മെയിൽ’ റിപ്പോർട്ടിന് പിന്നാലെയാണ് വെളിപ്പെടുത്തൽ. റിപ്പോർട്ടിൽ താരത്തിന്റെ പേര് വ്യക്തമാക്കിയിരുന്നില്ലെങ്കിലും, മോണിക്ക റൈറ്റ് സമൂഹമാധ്യമത്തിലൂടെ ഇതു തുറന്നുപറയുകയായിരുന്നു. തങ്ങൾക്കിടയിലെ ബന്ധത്തിൽ മാറ്റങ്ങൾ സംഭവിച്ചതായി മോണിക്കയോട് ഗാർഡ്നർ തുറന്നുപറയുകയും, ഏതാനും മാസങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയുമായിരുന്നു. കഴിഞ്ഞ നവംബറിൽ സിഡ്നിയിലെ വീട്ടിൽനിന്നു മാറിയ ഗാർഡ്നർ, തങ്ങളുടെ വിവാഹ മോതിരങ്ങൾ അവിടുത്തെ അലമാരയിൽ ഉപേക്ഷിച്ചതായും ഡെയ്ലി മെയിൽ അവകാശപ്പെടുന്നു. സംഭവം ഇപ്പോൾ ഓസ്ട്രേലിയൻ ഡ്രെസ്സിങ് റൂമിലെ പ്രധാന ചർച്ചാവിഷയമായി മാറിയിട്ടുണ്ടെന്നും ഗാർഡ്നറുടെ ചില സഹതാരങ്ങൾ ഇപ്പോഴും മോണിക്കയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Auto ⏭️


