SPORTS
സ്പിൻ ഡേ! ലങ്കയെ കറക്കിവീഴ്ത്തി ഇന്ത്യ, ഒന്നാം ഇന്നിങ്സിൽ ആധികാരിക ലീഡ്; റെക്കോർഡ് നേട്ടവുമായി രവീന്ദ്ര ജഡേജ

ഗോൾ ∙ രണ്ടാം ദിനം ലങ്കൻ സ്പിന്നർമാർ ഉഴുതിട്ട പിച്ചിൽനിന്ന് മൂന്നാം ദിനം ഇന്ത്യൻ സ്പിന്നർമാർ വിളവെടുത്തു! മാനവ് സുതാർ– രവീന്ദ്ര ജഡേജ– കുൽദീപ് യാദവ് സ്പിൻ ത്രയത്തിന്റെ മികവിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 284 റൺസിനു പുറത്താക്കിയ ഇന്ത്യയ്ക്ക് 178 റൺസിന്റെ ആധികാരിക ലീഡ്. സുതാർ 4 വിക്കറ്റുമായി ആക്രമണത്തിനു നേതൃത്വം നൽകിയപ്പോൾ ജഡേജ മൂന്നും കുൽദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സ്പിൻ ഡൺ ഇന്ത്യയെ 462ൽ പുറത്താക്കി, ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്കു തുടക്കം പിഴച്ചു. ഓപ്പണർ നിഷാൻ ഫെർണാണ്ടോയെ (0) പുറത്താക്കിയ സിറാജാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നാലെ സീനിയർ താരം ദിനേശ് ചണ്ഡിമൽ (4) മാനവ് സുതാറിനു മുന്നിൽ വീണു. അതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യൻ സ്പിന്നർമാർ ലങ്കയെ 5ന് 90 എന്ന സ്കോറിൽ പിടിച്ചുകെട്ടി. ഫോളോഓൺ മുന്നിൽക്കണ്ട ലങ്കയെ അതിൽനിന്നു രക്ഷിച്ചത് ആറാം വിക്കറ്റിൽ ഒന്നിച്ച സോനൽ– ഡിക്വെല്ല സഖ്യമാണ്. കരുതലോടെ നിലയുറപ്പിച്ച ഇരുവരും പ്രതിരോധത്തിലൂന്നി ഇന്ത്യൻ സ്പിന്നർമാരെ നേരിട്ടു.∙ കപിലിനു ശേഷം ജഡേജ ടെസ്റ്റ് ക്രിക്കറ്റിൽ 350 വിക്കറ്റുകൾ തികച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ജഡേജ. കപിൽ ദേവിനു ശേഷം, ടെസ്റ്റിൽ 4000ൽ അധികം റൺസും 350 വിക്കറ്റും നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ജഡേജ സ്വന്തമാക്കി.
Auto ⏭️


