കണ്ണൂർ സർവകലാശാലാ നിയമനം: പ്രിയ വർഗീസിന്റെ യോഗ്യത തള്ളി

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് പ്രിയ വർഗീസിന് അർഹതയില്ലെന്ന് വ്യക്തമാക്കി സർവകലാശാല സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. അഭിഭാഷകൻ പി.എസ്. സുൽഫിക്കർ അലി മുഖേനയാണ് സർവകലാശാല തങ്ങളുടെ നിലപാടിലുണ്ടായ മാറ്റം കോടതിയെ ബോധിപ്പിച്ചത്. പ്രിയ വർഗീസിന് നിയമനത്തിന് ആവശ്യമായ യോഗ്യതയുണ്ടെന്ന നിലപാടിലായിരുന്നു മുൻപ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സർവകലാശാല ഉറച്ചുനിന്നിരുന്നത്.
എന്നാൽ, മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറായി പ്രിയയെ നിയമിച്ചത് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിയാണെന്ന പുതിയ നിലപാടാണ് ഇപ്പോൾ സർവകലാശാല സ്വീകരിച്ചിരിക്കുന്നത്. പിഎച്ച്ഡി ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി പരിഗണിക്കാൻ നിയമപരമായി സാധിക്കില്ലെന്നും സർവകലാശാല വ്യക്തമാക്കി. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയാ വർഗീസ്. പ്രിയയുടെ നിയമനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ യു.ജി.സിയും പ്രൊഫസർ ജോസഫ് സ്കറിയയും സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതി ഇപ്പോൾ വാദം കേൾക്കുന്നത്.




