മൈക്രോഫിനാൻസ് കേസ്: വിചാരണയ്ക്ക് സർക്കാർ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ എസ്.എൻ.ഡി.പി യോഗം ഭാരവാഹികളെ വിചാരണ ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്.എൻ.ഡി.പി ഭാരവാഹികൾ ‘പൊതുസേവകർ’ എന്ന പരിധിയിൽ ഉൾപ്പെടുമെങ്കിലും, അവരെ നിയമിക്കാനോ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനോ സർക്കാരിന് അധികാരമില്ല. ഈ സാഹചര്യത്തിൽ, വിചാരണയുമായി മുന്നോട്ടുപോകാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ. ബദറുദ്ദീൻ, വിചാരണക്കോടതിക്ക് നേരിട്ട് നടപടികൾ സ്വീകരിക്കാമെന്നും വ്യക്തമാക്കി. അന്വേഷണം പൂർത്തിയായ കേസുകളിൽ കുറ്റപത്രം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വിചാരണക്കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരന് കോടതി നിർദ്ദേശം നൽകി.
മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട എട്ടു കേസുകളിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ നടന്നതായി വിജിലൻസ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷൻ നടപടികൾക്കുള്ള അനുമതി സംബന്ധിച്ച വിഷയത്തിൽ പിന്നാക്കവിഭാഗ വികസന വകുപ്പും വിജിലൻസും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
പ്രോസിക്യൂഷൻ നടപടികൾക്ക് സർക്കാരിന്റെ പ്രത്യേക അനുമതി വേണ്ടെന്ന പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ വാദത്തെ കോടതി ശരിവെക്കുകയാണുണ്ടായത്.
ഹർജി ഈ മാസം 20-ന് കോടതി വീണ്ടും പരിഗണിക്കും.




