അബുദാബി സാമ്പത്തിക തട്ടിപ്പ്: ബി.ആർ. ഷെട്ടിയും പ്രശാന്ത് മങ്ങാട്ടും കുറ്റക്കാർ, കോടികൾ വകമാറ്റിയെന്ന് കണ്ടെത്തൽ

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ എൻ.എം.സി ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ബി.ആർ. ഷെട്ടി, മുൻ സി.ഇ.ഒ പ്രശാന്ത് മങ്ങാട് എന്നിവർക്കെതിരെ അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതിയുടെ നിർണായകമായ വിധി പ്രസ്താവം. സാമ്പത്തിക തട്ടിപ്പുകളിലും വ്യാജമായ വാണിജ്യ ഇടപാടുകളിലും ഇവർക്ക് പങ്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഏകദേശം 539.7 കോടി ഡോളറിന്റെ ബാധ്യതയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇരുവരും ഉത്തരവാദികളാണെന്ന് ജസ്റ്റിസ് സർ ആൻഡ്രൂ സ്മിത്ത് വ്യക്തമാക്കി.
എൻ.എം.സി ഹെൽത്ത് കെയറും കമ്പനിയുടെ അഡ്മിനിസ്ട്രേറ്റർമാരും സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി ഇത്തരമൊരു ഉത്തരവിൽ എത്തിയത്. ഇതിനു സമാന്തരമായി, അബുദാബി കൊമേഴ്സ്യൽ ബാങ്ക് പ്രശാന്ത് മങ്ങാട്ടിനെതിരെ ഫയൽ ചെയ്ത ഹർജിയും കോടതി അംഗീകരിച്ചു. ബി.ആർ. ഷെട്ടിയുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് 418.3 കോടി ദിർഹം അനധികൃതമായി മാറ്റിയതായി കോടതി കണ്ടെത്തി. വിവിധ അക്കൗണ്ടുകളിലെ ഇടപാടുകൾ സൂക്ഷ്മമായി പരിശോധിച്ചതിൽ നിന്ന്, തിരിച്ചടച്ച തുകകൾ ഒഴിവാക്കി ഏകദേശം 260 കോടി ദിർഹത്തോളം രൂപയുടെ തിരിമറി നടന്നതായി കോടതി വിലയിരുത്തുന്നു. ട്രാവെക്സ് പോലുള്ള ബിസിനസ് സംരംഭങ്ങൾ, സ്വകാര്യ വിമാനം, ദുബായ് ഹിൽസിലെ സ്വത്തുക്കൾ, വൈയോമിംഗിലെ എണ്ണ ഖനന നിക്ഷേപം എന്നിവയിലേക്ക് ഈ പണം വകമാറ്റി ചെലവഴിച്ചതായും കോടതിയുടെ നിരീക്ഷണത്തിലുണ്ട്.
ഈ കേസിൽ പ്രതികൾ പിഴയായി ഒടുക്കേണ്ട അന്തിമ തുക സംബന്ധിച്ച തീരുമാനങ്ങൾ വരും ദിവസങ്ങളിൽ കോടതി കൈക്കൊള്ളും. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ ഉൾപ്പെടെയുള്ള കക്ഷികൾ സമർപ്പിച്ച വാദങ്ങളും അഡ്മിനിസ്ട്രേറ്റർമാരുടെ മറ്റ് ഹർജികളും കോടതി തുടർന്നും വിശകലനം ചെയ്യും. 1975-ൽ അബുദാബിയിൽ ചെറിയൊരു സംരംഭമായി ആരംഭിച്ച എൻ.എം.സി പിന്നീട് വൻ വളർച്ച കൈവരിക്കുകയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വരെ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് പുറത്തുവന്ന വൻ സാമ്പത്തിക ക്രമക്കേടുകൾ കമ്പനിയെ തകർച്ചയിലേക്കും അഡ്മിനിസ്ട്രേഷൻ ഭരണത്തിലേക്കും എത്തിക്കുകയായിരുന്നു.
(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് brshetty.com എന്ന വെബ്സൈറ്റില് നിന്ന് എടുത്തിട്ടുളളതാണ്.)




