രാമായണം: ലോകസിനിമയ്ക്ക് ഇന്ത്യയുടെ ദീപാവലി സമ്മാനം

വാൽമീകി മഹർഷിയുടെ തൂലികയിൽ വിരിഞ്ഞ രാമായണം ഭാരതത്തിന്റെ ആത്മീയ ഇതിഹാസമാണെങ്കിൽ, നിതേഷ് തിവാരിയുടെ സംവിധാനത്തിൽ വെള്ളിത്തിരയിലെത്തിയ രാമായണം ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ദൃശ്യവിസ്മയമെന്നു വിശേഷിപ്പിക്കാം. വമ്പൻ ബജറ്റിൽ വിപുലമായ ക്യാൻവാസിൽ ഒരുക്കിയ ഈ ചിത്രം, ഇതിഹാസ കാവ്യത്തിനുള്ള പുതുതലമുറയുടെ ഉജ്ജ്വലമായ സമർപ്പണമാണ്. മൂലകഥയുടെ പവിത്രത ഒട്ടും ചോർന്നുപോകാതെ, അത്യാധുനിക സാങ്കേതികവിദ്യയുടെയും വിഷ്വൽ എഫക്റ്റുകളുടെയും പിൻബലത്തോടെയാണ് ഈ ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. അസുരമാതാവായ കൈകസിയുടെ പുത്രൻ ദശാനനൻ അഥവാ രാവണൻ ലങ്കയുടെ അധിപനായി മാറുന്നതു മുതലാണ് സിനിമയുടെ തുടക്കം. വനവാസക്കാലത്ത് സീതയെ തട്ടിക്കൊണ്ടുപോയ രാവണനെ ഉന്മൂലനം ചെയ്യുമെന്ന് ശ്രീരാമൻ പ്രതിജ്ഞ ചെയ്യുന്നതോടെയാണ് രാമായണത്തിന്റെ ഒന്നാം ഭാഗത്തിന് തിരശീല വീഴുന്നത്.
ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത് രാവണനായി വേഷമിട്ട യാഷിന്റെ ഗംഭീര പ്രകടനമാണ്. ശരീരഭാഷയിലും മുഖഭാവത്തിലും യാഷ് രാവണനായി പൂർണ്ണമായും പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രേക്ഷകരുടെ മനസ്സിൽ രാവണന്റെ രൂപം ഇനി യാഷിലൂടെയാകും അടയാളപ്പെടുത്തുക. അതേസമയം, ശാന്തനും അതേസമയം പോരാളിയുമായ ശ്രീരാമനായി രൺബീർ കപൂർ വിസ്മയിപ്പിക്കുന്നു. സീതയെ വെറുമൊരു കഥാപാത്രമായല്ല, മറിച്ച് ധീരയായ ഒരു യോദ്ധാവായാണ് സായ് പല്ലവിയിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീരാമനും ലക്ഷ്മണനും ഒപ്പം യുദ്ധക്കളത്തിൽ അസുരന്മാരെ നേരിടുന്ന സീതയെ കാണുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. ലക്ഷ്മണന്റെ വേഷം രവി ദുബെ അവിസ്മരണീയമാക്കി. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം രാവണന്റെ മാതാവായ കൈകസിയെ അവതരിപ്പിച്ച മലയാളികളുടെ പ്രിയതാരം ശോഭനയുടേതാണ്. മകൻ ദശാനനനെ അസുരകുലത്തിന്റെ രക്ഷകനാകാൻ പ്രചോദിപ്പിക്കുന്നതിലും, ലങ്കാധിപതിയാകുമ്പോൾ പ്രകടമാകുന്ന അഭിമാനത്തിലും, മകന്റെ ചെയ്തികളിലെ പകയും ദുഃഖവും പ്രതിഫലിപ്പിക്കുന്നതിലും ശോഭനയുടെ അഭിനയം അതിഗംഭീരമാണ്. പണ്ടത്തെ രാമായണം പരമ്പരയിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൻ ദശരഥ മഹാരാജാവായി എത്തിയത് ആരാധകർക്ക് നൊസ്റ്റാൾജിയ നൽകുന്നു. ലാറ ദത്ത (കൈകേയി), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ), കാജൽ അഗർവാൾ (മണ്ഡോദരി) എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന നിർമ്മാണ മികവാണ് രാമായണത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത. അയോദ്ധ്യയുടെ രാജകീയ പ്രൗഢിയും ലങ്കയുടെ ഗാംഭീര്യവും സീതയുടെ മിഥിലയുടെ ആഡംബരവും കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളിലൂടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പ്രകൃതിരമണീയമായ വനങ്ങളും വന്യത നിറയുന്ന യുദ്ധരംഗങ്ങളും കാഴ്ചക്കാരെ വിസ്മയിപ്പിക്കും. വിഷ്വൽ എഫക്റ്റുകൾ ഓരോ ഫ്രെയിമിനെയും മനോഹരമാക്കുമ്പോൾ രാവണന്റെ പുഷ്പക വിമാനം കൗതുകം നിറയ്ക്കുന്നു. രാമായണത്തെക്കുറിച്ച് അറിവുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാൻ പാകത്തിലാണ് തിരക്കഥാ രചന. എ.ആർ. റഹ്മാന്റെയും ഹാൻസ് സിമ്മറിന്റെയും സംഗീതവും പശ്ചാത്തല സംഗീതവും സിനിമയ്ക്ക് ആത്മീയമായ അനുഭൂതി നൽകുന്നു. ഈ ഇതിഹാസത്തിന്റെ മഹത്വം വിളിച്ചോതുന്ന ശക്തമായ സംഭാഷണങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു കരുത്ത്. ജഡായുവിന് ശബ്ദം നൽകിയ അനുപം ഖേറും ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്നു. ജഡായുവും രാവണനും തമ്മിലുള്ള പോരാട്ടം സിനിമയിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളിൽ ഒന്നാണ്.
ലോർഡ് ഓഫ് ദ റിംഗ്സ്, ട്രോയ്, ഒഡിസി, ലയൺ കിംഗ് തുടങ്ങിയ വിഖ്യാത ഹോളിവുഡ് ചിത്രങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ള മറുപടിയാണ് ഈ രാമായണം. രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കാം.




