ഗർഭാവസ്ഥയിൽ വഞ്ചിച്ചു: യുസ്‌വേന്ദ്ര ചെഹലിനെതിരെ മഹ്‌വാഷിന്റെ വെളിപ്പെടുത്തൽ പോഡ്‌കാസ്റ്റിൽ

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിനെതിരെ നടി കൂടിയായ റേഡിയോ ജോക്കി മഹ്‍വാഷ് അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പടരുന്നു. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ മഹ്‍വാഷ് നടത്തിയ പരാമർശങ്ങളാണ് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയത്. ചെഹലിന്റെ മുൻകാല വിവാഹബന്ധത്തെ സംബന്ധിച്ചാണ് മഹ്‍വാഷ് വെളിപ്പെടുത്തലുകൾ നടത്തിയതെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചാരണങ്ങൾ കൊഴുക്കുന്നത്.
ഈ പോഡ്‌കാസ്റ്റ് അഭിമുഖത്തിൽ അതിഥിയായി എത്തിയപ്പോഴാണ് താൻ കടന്നുപോയ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് മഹ്‍വാഷ് മനസ്സ് തുറന്നത്. എന്നാൽ, അഭിമുഖത്തിലെ ചില ചെറിയ ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതോടെ ഇത് ചെഹലിന്റെ ജീവിതവുമായി പലരും തെറ്റായി ബന്ധിപ്പിക്കുകയായിരുന്നു. എന്നാൽ സംഭാഷണത്തിന്റെ പൂർണരൂപം പുറത്തുവന്നതോടെ, മഹ്‍വാഷിന്റെ പ്രസ്താവനകൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി വ്യാഖ്യാനിച്ചതാണെന്ന് വ്യക്തമായി. നേരത്തെ, വിവാഹമോചനത്തിന് ശേഷം മഹ്‍വാഷും ചെഹലും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മഹ്‍വാഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ ക്രിക്കറ്റ് താരത്തിന് നേരെയുള്ള ആരോപണങ്ങളായി വ്യാഖ്യാനിക്കപ്പെട്ടത്.
∙ മഹ്‍വാഷിന്റെ തുറന്നുപറച്ചിൽ
ഈ സംഭവങ്ങൾ തന്റെ മാനസികാരോഗ്യത്തെ ആഴത്തിൽ ബാധിച്ചുവെന്ന് മഹ്‍വാഷ് വെളിപ്പെടുത്തുന്നു. കടുത്ത വിഷാദരോഗത്തിന്റെയും പാനിക് അറ്റാക്കുകളുടെയും പിടിയിലായതിനെത്തുടർന്ന് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ഇൻജക്ഷനുകളും മരുന്നുകളും സ്വീകരിക്കേണ്ടി വരികയും ചെയ്തു. തന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വ്യക്തിയോട് തുറന്നു സംസാരിച്ചെങ്കിലും, അത് കേവലം നിസ്സാരമായി തള്ളിക്കളയുകയായിരുന്നുവെന്ന് മഹ്‍വാഷ് ആരോപിക്കുന്നു. മാനസികാരോഗ്യം മോശമായ ഒരാളെ തന്റെ കുടുംബം ഒരിക്കലും അംഗീകരിക്കില്ലെന്ന് ആ വ്യക്തി തന്നോട് പറഞ്ഞതായും മഹ്‍വാഷ് കൂട്ടിച്ചേർത്തു.




