ചൈന സന്ദർശനത്തിനിടെ പുടിനൊപ്പം ന്യൂക്ലിയർ ബ്രീഫ്കേസും സുരക്ഷാ ഉദ്യോഗസ്ഥനും

ബെയ്ജിങ് ∙ ചൈനീസ് സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനൊപ്പം, രാജ്യത്തിന്റെ അതീവ സുരക്ഷാ സംവിധാനമായ ന്യൂക്ലിയർ കമാൻഡ് ബ്രീഫ്കേസും എത്തിയത് ആഗോളതലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. പുട്ടിന്റെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങളിൽ, അദ്ദേഹത്തിന് തൊട്ടുപിന്നിലായി പ്രത്യേക ബ്രീഫ്കേസുമായി രണ്ട് നാവികസേനാ ഉദ്യോഗസ്ഥർ നടന്നുനീങ്ങുന്നത് വ്യക്തമായി കാണാൻ സാധിക്കും.
റഷ്യയുടെ ആണവായുധ നിയന്ത്രണ സംവിധാനമായ ‘ചെഗെറ്റ് ബ്രീഫ്കേസ്’ ആണ് ആ ഉദ്യോഗസ്ഥരുടെ കൈവശമുള്ളതെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് കൈവശം വെക്കുന്ന ‘ന്യൂക്ലിയർ ഫുട്ബോളിന്’ സമാനമായ ഒരു സുരക്ഷാ സംവിധാനമാണിത്. എന്നാൽ, ഈ ബ്രീഫ്കേസ് ഉപയോഗിച്ച് നേരിട്ട് മിസൈലുകളോ ആണവായുധങ്ങളോ വിക്ഷേപിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. പകരം, ആണവായുധങ്ങൾ പ്രയോഗിക്കേണ്ടി വരുന്ന സന്ദർഭങ്ങളിൽ, സൈനിക നേതൃത്വവുമായും ആണവ നിയന്ത്രണ കേന്ദ്രങ്ങളുമായും സുരക്ഷിതമായി ആശയവിനിമയം നടത്താനും അതിനുള്ള അനുമതി നൽകാനും പ്രസിഡന്റിനെ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം.




