NEWS

ഐശ്വര്യയുടെ മദ്യപാനമാണ് വിവാഹമോചനത്തിന് കാരണം; മകൾക്കായി മൗനം വെടിഞ്ഞ് അർജുൻ

തന്റെ മൂത്ത മകൾ ഐശ്വര്യയ്‌ക്കെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കും വ്യക്തിഹത്യകൾക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടൻ അർജുൻ രംഗത്തെത്തി. മകൾക്കെതിരെ ഉയർന്നു വരുന്ന ഇത്തരം വസ്തുതാവിരുദ്ധവും മാനഹാനി വരുത്തുന്നതുമായ ആരോപണങ്ങൾ കണ്ടുനിൽക്കാൻ ഒരു പിതാവ് എന്ന നിലയിൽ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സംഭവത്തിൽ നിയമപരമായ മാർഗങ്ങൾ തേടാൻ തീരുമാനിച്ചതായും, അധികൃതർക്ക് ഇതിനകം തന്നെ പരാതി നൽകിക്കഴിഞ്ഞെന്നും താരം അറിയിച്ചു. ഐശ്വര്യയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവൾക്ക് പറയാനുള്ളത് കൃത്യമായ സമയം വരുമ്പോൾ അവൾ തന്നെ വെളിപ്പെടുത്തുമെന്നും അർജുൻ കൂട്ടിച്ചേർത്തു.

‘‘ഒന്നാമതായി, മകൾ അഞ്ജനയുടെ വിവാഹ വേളയിൽ ഞങ്ങളുടെ കുടുംബത്തിന് ആശംസകൾ അറിയിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഞാൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ സ്നേഹവും കരുതലുമുള്ള സന്ദേശങ്ങൾ ഞങ്ങൾക്ക് വലിയൊരു ആശ്വാസമാണ്. ഞങ്ങളെ പ്രാർഥനയിൽ ഉൾപ്പെടുത്തിയ ഓരോരുത്തരോടും ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു. ഇത്തരമൊരു വിഷയത്തിൽ പരസ്യമായൊരു പ്രതികരണം നടത്തേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സിനിമാ രംഗത്തുള്ളവർ എന്ന നിലയിൽ ഞങ്ങളുടെ പൊതുജീവിതത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.

എങ്കിലും, കേവലം ഊഹാപോഹങ്ങളും ബോധപൂർവം കെട്ടിച്ചമയ്ക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും തമ്മിൽ വലിയ അന്തരം തന്നെയുണ്ട്. പൊതുജനശ്രദ്ധയിൽ നിൽക്കുന്നവരാണ് എന്നതുകൊണ്ട് മാത്രം ആർക്കും ഞങ്ങളെക്കുറിച്ച് എന്തും എഴുതാനോ വ്യക്തിഹത്യ നടത്താനോ ഉള്ള അവകാശമില്ല. തെളിവുകളുടെ പിൻബലമില്ലാതെ ഒരു സ്ത്രീയെ ‘മദ്യപാനി’ എന്ന് മുദ്രകുത്തുന്നതുപോലെയുള്ള തരംതാണ പരാമർശങ്ങൾ തികച്ചും നിരുത്തരവാദപരവും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാൻ കഴിയാത്തതുമാണ്.’’

Fashion ⏭️

Back to top button