ഇപിഎഫ്ഒ പുതിയ പെൻഷൻ പദ്ധതി: 55 വയസ്സിന് മുൻപ് 90% പിഎഫ് തുക പിൻവലിക്കാൻ സൗകര്യം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അംഗങ്ങൾക്ക് വലിയ ആശ്വാസം പകരുന്ന നിർണ്ണായക ഭേദഗതികളുമായി ഇപിഎഫ്ഒ. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ അടിമുടി മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് അധികൃതർ. ഇനി മുതൽ 55 വയസ്സിന് താഴെയുള്ള ജീവനക്കാർക്ക് തങ്ങളുടെ പിഎഫ് നിക്ഷേപത്തിൽ നിന്ന് 90 ശതമാനം വരെ പിൻവലിക്കാൻ അവസരമുണ്ട്. നേരത്തെ 75 ശതമാനം മാത്രമായിരുന്നു ഇതിനുള്ള അനുവാദം ഉണ്ടായിരുന്നത്.
ഇതോടൊപ്പം തന്നെ, വിരമിക്കൽ കാലയളവിൽ പിഎഫ് തുക മുഴുവനായി പിൻവലിക്കുന്നതിന് പകരം, മാസശമ്പളം പോലെ കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക കൈപ്പറ്റാൻ സഹായിക്കുന്ന ‘സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ’ (എസ്ഡബ്ല്യുപി) നടപ്പിലാക്കാനും തീരുമാനമായി. ഇന്ന് നടന്ന ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിലാണ് സുപ്രധാനമായ ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
സാധാരണയായി വിരമിക്കുന്ന സമയത്ത് പിഎഫ് തുക മുഴുവനായി പിൻവലിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ, ലഭിക്കുന്ന വലിയൊരു തുക സുരക്ഷിതമായി എവിടെ നിക്ഷേപിക്കുമെന്നതും, അതുവഴി എങ്ങനെ സ്ഥിരവരുമാനം ഉറപ്പാക്കും എന്നതും ഭൂരിഭാഗം പേരെയും അലട്ടുന്ന വലിയൊരു വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഇനിമുതൽ വിരമിക്കുമ്പോൾ പിഎഫ് സമ്പാദ്യം മുഴുവനായും പിൻവലിക്കേണ്ടതില്ല. പകരം, നിശ്ചിത തുക അക്കൗണ്ടിൽ തന്നെ നിലനിർത്താൻ സാധിക്കും. ഇങ്ങനെ സൂക്ഷിക്കുന്ന തുകയിൽ നിന്ന് ഓരോ മാസവും നിശ്ചിത വിഹിതം പെൻഷൻ പോലെ കൈപ്പറ്റാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന തുകയ്ക്ക് ഇപിഎഫ്ഒ നിശ്ചയിക്കുന്ന പലിശ നിരക്ക് തുടർന്നും ലഭിക്കുകയും ചെയ്യും.
ഉദാഹരണത്തിന്, നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ 50 ലക്ഷം രൂപയുണ്ടെന്ന് കരുതുക. ഇതിൽ 20 ലക്ഷം രൂപ പിൻവലിച്ച ശേഷം ബാക്കി 30 ലക്ഷം രൂപ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കും. പിന്നീട് ആ 30 ലക്ഷത്തിൽ നിന്ന് എല്ലാ മാസവും ഒരു നിശ്ചിത തുക വീതം ഘട്ടം ഘട്ടമായി പിൻവലിക്കാൻ ഈ പദ്ധതിയിലൂടെ കഴിയും. കൂടാതെ, പ്രധാന തുകയിൽ തൊടാതെ, ആ 30 ലക്ഷത്തിന് ലഭിക്കുന്ന പലിശ മാത്രം ഓരോ മാസവും പിൻവലിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും.




