ജടായു ശിൽപം: തപാൽ വകുപ്പിന്റെ പ്രത്യേക കവർ പ്രകാശനം ചെയ്തു

കൊല്ലം ∙ ചടയമംഗലത്തെ വിശ്വപ്രസിദ്ധമായ ജടായു ശിൽപത്തിന് ആദരമർപ്പിച്ചുകൊണ്ട് കേരള തപാൽ സർക്കിൾ പ്രത്യേക തപാൽ കവർ പുറത്തിറക്കി. ജടായുപ്പാറ അഥവാ ജടായു എർത്ത്സ് സെന്ററിന്റെ സാംസ്കാരിക പാരമ്പര്യവും ഐതിഹ്യവും വിനോദസഞ്ചാര മേഖലയിലെ സവിശേഷതകളും വിളിച്ചോതുന്നതാണ് ഈ തപാൽ കവർ.
കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അമിതാഭ് സിങ് ചടങ്ങിൽ തപാൽ കവർ പ്രകാശനം ചെയ്തു. പ്രകൃതിഭംഗിയിൽ അലിഞ്ഞുചേർന്ന ജടായു ശിൽപത്തിന്റെ സാന്നിധ്യത്തിൽ വെച്ച് ഇത്തരമൊരു കവർ പുറത്തിറക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. ഇന്ത്യ പോസ്റ്റ് പുറത്തിറക്കിയ ഈ തപാൽ കവർ ജടായുവിന്റെ ചരിത്രപരമായ സവിശേഷതകൾ ലോകമെമ്പാടും എത്തിക്കാൻ സഹായിക്കുമെന്നും, വിദേശ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉദ്ഘാടനച്ചടങ്ങിൽ കൊല്ലം ഡിവിഷൻ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ് എം.ബിന്ദു ഏവരെയും സ്വാഗതം ചെയ്തു. ജടായു എർത്ത്സ് സെന്റർ ചെയർമാൻ രാജീവ് അഞ്ചൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചടയമംഗലം എംഎൽഎ എം.എം.നസീർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.




