NEWS

കുഴൽക്കിണർ നിർമാണത്തിന് റജിസ്ട്രേഷൻ നിർബന്ധം; നിയമലംഘനത്തിന് പിഴ ഒരു ലക്ഷം രൂപ

കോട്ടയം ∙ സംസ്ഥാനത്ത് കുഴൽക്കിണറുകൾ, ട്യൂബ് വെല്ലുകൾ, ഫിൽറ്റർ പോയിന്റുകൾ, ഹാൻഡ് ബോറുകൾ എന്നിവ നിർമിക്കുന്ന ഏജൻസികൾക്കും ഇതിനായി ഉപയോഗിക്കുന്ന റിഗുകൾക്കും സർക്കാർ റജിസ്‌ട്രേഷൻ നിർബന്ധമാക്കി. ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ റിഗ് ഉടമകളും ബന്ധപ്പെട്ട ഏജൻസികളും വ്യക്തികളും തങ്ങളുടെ വിവരങ്ങൾ അതത് ജില്ലാ ഭൂജലവകുപ്പ് ഓഫിസുകളിൽ റജിസ്റ്റർ ചെയ്യുകയും ഓരോ വർഷവും അത് കൃത്യമായി പുതുക്കുകയും വേണം.

നിയമപരമായ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൈവശമില്ലാതെ ഡ്രില്ലിങ് ജോലികൾ നടത്തുന്ന പക്ഷം ആദ്യ തവണത്തെ നിയമലംഘനത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുന്നതാണ്. ഇതേ കുറ്റം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ, ഉടനടി റജിസ്‌ട്രേഷൻ റദ്ദാക്കുകയും പൊലീസിന്റെ സഹായത്തോടെ റിഗ് കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും. കൂടുതൽ വ്യക്തതയ്ക്കും സംശയ നിവാരണത്തിനുമായി ജില്ലാ ഭൂജലവകുപ്പ് ഓഫിസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോൺ നമ്പർ: 0481-2560436.

Fashion ⏭️

Back to top button