എൻഎച്ച് 66: കാസർകോട് – തിരുവനന്തപുരം പാതയിലെ 351 സംരക്ഷണ ഭിത്തികൾ അപകടാവസ്ഥയിൽ

ദേശീയപാത 66-ൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗങ്ങളിൽ നിർമിച്ച 351 റീഇൻഫോഴ്സ്ഡ് സോയിൽ വോളുകൾക്ക് (സംരക്ഷണ ഭിത്തികൾ) മണ്ണും ഭാരവും താങ്ങിനിർത്താനുള്ള കരുത്തില്ലെന്നും ഇവ അതീവ അപകടസാധ്യതയുള്ളവയാണെന്നും വിദഗ്ധ സമിതി കണ്ടെത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. എന്നിട്ടും ഈ റിപ്പോർട്ട് പുറത്തുവിടാനോ അടിയന്തര നടപടികൾ സ്വീകരിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. കേവലം മണ്ണുപരിശോധനയിൽ ഒതുക്കി കാര്യങ്ങൾ തള്ളിക്കളയുന്ന സമീപനമാണ് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്.
മലപ്പുറം കൂരിയാടുണ്ടായ ദേശീയപാത സംരക്ഷണ ഭിത്തിയുടെ തകർച്ചയെത്തുടർന്ന്, 2025 മേയ് 24-നാണ് ന്യൂഡൽഹി സെൻട്രൽ റോഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ചീഫ് സയന്റിസ്റ്റ് ഡോ. കിഷോർകുമാർ നയിക്കുന്ന നാലംഗ സമിതിയെ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയത്. ദേശീയപാത 66-ലെ ആർഎസ് ഭിത്തികളുടെയും ചരിവ് സംരക്ഷണ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുകയായിരുന്നു ഇവരുടെ ദൗത്യം. ജൂൺ 11 മുതൽ ജൂലൈ 14 വരെയുള്ള കാലയളവിൽ സംസ്ഥാനത്തുടനീളം വിശദമായ പരിശോധന നടത്തിയ സമിതി, ഓഗസ്റ്റ് 4-ഓടെ തങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കൂരിയാട്ടെ തകർച്ചയ്ക്ക് ശേഷം, അറ്റകുറ്റപ്പണികളുടെ ഭാഗമായി കരാറുകാരന്റെ സ്വന്തം ചെലവിൽ 377 മീറ്റർ നീളത്തിൽ വയഡക്ട് നിർമിച്ചിരുന്നു. ഇതേ മാതൃകയിൽ കൊല്ലം–കടമ്പാട്ടുകോണം മേഖലയിലെ തകർന്ന ഭിത്തിക്ക് പകരമായി 120 മീറ്റർ വയഡക്ട് നിർമിക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. ഇതിനുപുറമെ, അരൂർ–തുറവൂർ ഉയരപ്പാതയിൽ നിർമാണത്തിനിടെ ഗർഡറുകൾ തകർന്നു വീണ സംഭവത്തിൽ അതീവ ഗൗരവത്തോടെയുള്ള സാങ്കേതിക-സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി.



