മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ എസ്ഐടി കേസ് ചുമത്തി

തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പ് കേസിൽ, മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ കർശന നിയമനടപടികളുമായി പ്രത്യേക അന്വേഷണ സംഘം (SIT). പത്തു വർഷം വരെ കഠിനതടവ് ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് മുൻ മന്ത്രിയ്ക്കെതിരെ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ നാല് പ്രധാന വകുപ്പുകൾ ഇതിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും, അനധികൃതമായി സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചതിനും, പൊതുമുതൽ വകമാറ്റി ചെലവഴിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അബ്ദുറഹിമാനും ഇതിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഗവർണറുടെ ഔദ്യോഗിക അനുമതിയും നേരത്തെ ലഭിച്ചിരുന്നു.
അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അഴിമതിക്കേസിന്റെ അന്വേഷണ ചുമതല കൂടി കൈമാറാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഈ അഴിമതിയിൽ പങ്കാളികളായെന്ന് കരുതുന്ന സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി), സ്ഥാപന ഉടമ ആന്റോ അഗസ്റ്റിൻ, അബ്ദുറഹിമാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം വിശദമായ അന്വേഷണം നടത്തും.




