ചടയമംഗലം സ്കൂൾ കലോത്സവം: ഇറച്ചി വാങ്ങിയതിനെച്ചൊല്ലി സംഘർഷം

കടയ്ക്കൽ ∙ ചടയമംഗലം ഉപജില്ലാ കലോത്സവ വേദിയായ കുമ്മിൾ സ്കൂളിൽ, ഭക്ഷണാവശ്യത്തിനായി കോഴിയിറച്ചി വാങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കലോത്സവത്തിൽ പങ്കെടുത്ത കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി മുന്നൂറ് കിലോ കോഴിയിറച്ചി വാങ്ങാൻ സംഘാടകർ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്മിറ്റിയും ഫുഡ് കമ്മിറ്റിയും വെവ്വേറെ ഓർഡറുകൾ നൽകിയത് ആശയക്കുഴപ്പത്തിന് വഴിയൊരുക്കി.
ഫുഡ് കമ്മിറ്റി സാധാരണ രീതിയിലുള്ള ഇറച്ചി വാങ്ങിയപ്പോൾ, ഫിനാൻസ് കമ്മിറ്റി പ്രോസസ് ചെയ്ത ഇറച്ചിയാണ് വരുത്തിയത്. പ്രോസസ് ചെയ്ത ചിക്കൻ ഭക്ഷണത്തിനായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഫുഡ് കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തിയതോടെ കാര്യങ്ങൾ വഷളാവുകയും തർക്കം ഉടലെടുക്കുകയുമായിരുന്നു. ഈ സമയം, സംഭവസ്ഥലത്ത് നടന്ന വാഗ്വാദങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് തർക്കത്തിന്റെ തീവ്രത വർദ്ധിപ്പിച്ചു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ മതിര ഇടവൂർക്കോണം ചരുവിള പൂത്തൻവീട്ടിൽ എ.എസ്.സുൽഫിക്കറിന് (27) മർദനമേൽക്കുകയായിരുന്നു. സംഭവത്തിൽ എട്ടുപേരെ പ്രതിചേർത്ത് കടയ്ക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.




