NEWS
‘മുജ്തബയുമായി ബന്ധപ്പെടാൻ വളരെ ബുദ്ധിമുട്ട്; ചിലർ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു’

ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയിയുമായി ബന്ധപ്പെടുകയെന്നത് ഇപ്പോൾ ‘വളരെ ബുദ്ധിമുട്ടേറിയതാണ്’ എന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ പരുക്കേറ്റ മുജ്തബയെക്കുറിച്ച് വലിയ ഇടവേളയ്ക്കുശേഷമാണ് പെസെഷ്കിയാൻ പരാമർശം നടത്തുന്നത്. ആക്രമണത്തിൽ പരുക്കേറ്റതിനുശേഷം മുജ്തബ ഒരു പൊതുപരിപാടിയിലും പങ്കെടുത്തിരുന്നില്ല. യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട പിതാവും ഇറാന്റെ മുൻ പരമോന്നത നേതാവുമായി ആയത്തുല്ല അലി ഖമനയിയുടെ ശവസംസ്കാരച്ചടങ്ങുകളിൽപ്പോലും മുജ്തബ പങ്കെടുത്തിരുന്നില്ല. അതേസമയം, പൊതുമധ്യത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയാണെങ്കിലും യുഎസിനെതിരെയുള്ള ഇറാന്റെ ചെറുത്തുനിൽപ്പിൽ ഖമനയി സുപ്രധാന പങ്കുവഹിക്കുന്നത് തുടരുന്നുണ്ടെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു. ‘ഇപ്പോൾ അദ്ദേഹവുമായി ആശയവിനിമയം നടത്തുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാലും അദ്ദേഹത്തിന്റെ സാന്നിധ്യം ചെറുത്തുനിൽപ് തുടരുന്നതിൽ ഞങ്ങൾക്ക് ശക്തിയേകുന്നു’–പെസെഷ്കിയാൻ പറഞ്ഞതായി എഎഫ്പി റിപ്പോർട്ടു ചെയ്തു. എഴുതിത്തയ്യാറാക്കിയ പ്രസ്താവനകളിലൂടെയാണ് മുജ്തബയുടെ ആശയവിനിമയങ്ങൾ. എന്നാൽ യുഎസുമായി യുദ്ധം തുടരുന്ന സമയത്ത്, താരതമ്യേന അനുഭവ സമ്പത്ത് കുറഞ്ഞ മുജ്തബയുടെ അസാന്നിധ്യം, ഇറാന്റെ ഉന്നത നേതൃത്വവും അദ്ദേഹവുമായി അസ്വാരസ്യങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ഈ ആശങ്കകളെയും പെസെഷ്കിയാൻ തള്ളി. മുജ്തബ താനുമായി കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം യുക്തിപരമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും പെസെഷ്കിയാൻ പറഞ്ഞു. ദൗർഭാഗ്യവശാൽ, നിലവിലെ സാഹചര്യത്തിൽ, വിദ്വേഷമുള്ള ചിലർ അദ്ദേഹത്തെക്കുറിച്ച് മോശം പ്രതിച്ഛായയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും പെസെഷ്കിയാൻ കൂട്ടിച്ചേർത്തു.
Fashion ⏭️


