NEWS
കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് രവ്നീത് സിങ് ബിട്ടു; ലക്ഷ്യം പഞ്ചാബ് തിരഞ്ഞെടുപ്പ്

ന്യൂഡൽഹി ∙ പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാവ് രവ്നീത് സിങ് ബിട്ടു കേന്ദ്ര സഹമന്ത്രി സ്ഥാനം രാജിവച്ചു. റെയിൽവേ, ഭക്ഷ്യസംസ്കരണ മന്ത്രാലയങ്ങളുടെ ചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി ജൂണിൽ അവസാനിച്ചിരുന്നു. അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രവ്നീത് സിങ് ബിട്ടു മത്സരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന വിവരം. നിലവിൽ ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ, ബിജെപിയുടെ ശക്തമായ തിരിച്ചുവരവിനായി താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സജീവമായി പങ്കെടുത്തുവരികയായിരുന്നു രവ്നീത് സിങ് ബിട്ടു. 1995 ൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ്. കോൺഗ്രസ് അംഗമായിരുന്ന അദ്ദേഹം, 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്. ആനന്ദ്പുർ സാഹിബ് (2009), ലുധിയാന (2014, 2019) മണ്ഡലങ്ങളിൽ നിന്നായി മൂന്ന് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്സഭയിൽ കോൺഗ്രസിന്റെ പാർട്ടി വിപ്പായും പ്രവർത്തിച്ചു.
Fashion ⏭️


