NEWS
ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നിലെ ‘വില്ലനെ’ കണ്ടെത്തി; യാത്രക്കാർ രാത്രി ചെലവഴിച്ചത് വിമാനത്താവളത്തിൽ

ലണ്ടൻ ∙ ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും നൂറുകണക്കിന് ആയിരം യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്ത യുകെയിലെ എയർ ട്രാഫിക് കൺട്രോൾ തകരാറിന് കാരണം മില്ലിസെക്കൻഡിനുള്ളിൽ സംഭവിച്ച സോഫ്റ്റ്വെയർ പിഴവെന്ന് നാഷനൽ എയർ ട്രാഫിക് സർവീസസ് (നാറ്റ്സ്) വ്യക്തമാക്കി.സെപ്റ്റംബർ 8ന് രാവിലെ 10 മണിയോടെയാണ് യുകെ വ്യോമാതിർത്തി നിയന്ത്രിക്കുന്ന സംവിധാനത്തെ ബാധിച്ച സാങ്കേതിക തകരാർ സംഭവിച്ചത്. സോഫ്റ്റ്വെയർ പിഴവിനെ തുടർന്ന് സിസ്റ്റത്തിൽ തെറ്റായ ഡേറ്റ രൂപപ്പെട്ടതോടെ എയർ ട്രാഫിക് കൺട്രോളർമാർക്ക് ആവശ്യമായ വിവരങ്ങൾ പൂർണമായി ലഭിക്കാതെ വന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യോമഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. എന്നാൽ പ്രശ്നം ഗുരുതരമാണെന്ന് തിരിച്ചറിയാൻ രണ്ടര മണിക്കൂറോളം സമയമെടുത്തു. ഉച്ചയ്ക്ക് 3.15ന് ശേഷമാണ് സിസ്റ്റം പുനരാരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയത്. രാത്രി 7.30ഓടെയാണ് യുകെ വ്യോമാതിർത്തിയിലെ നിയന്ത്രണങ്ങൾ പൂർണമായി നീക്കിയത്.അതേസമയം വിമാന സർവീസുകൾ റദ്ദാകുകയോ വൈകുകയോ ചെയ്ത യാത്രക്കാർക്ക് സാധാരണ സാഹചര്യങ്ങളിലെ നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത കുറവാണ്. സംഭവത്തെ അസാധാരണ സാഹചര്യമായി കണക്കാക്കുന്നതിനാൽ വിമാനക്കമ്പനികൾക്ക് നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. ചൈനയിൽനിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനം സ്വീഡനിലെ സ്റ്റോക്ക്ഹോമിലേക്ക് തിരിച്ചുവിട്ട 26 വയസ്സുകാരിയായ ആഡി കിറ്റ്സണും ദുരിതത്തിലായ യാത്രക്കാരിൽ ഒരാളാണ്. ഏകദേശം 19 മണിക്കൂർ സ്റ്റോക്ക്ഹോം വിമാനത്താവളത്തിൽ കഴിയേണ്ടിവന്നതായും ഭക്ഷണം, വൈ-ഫൈ, മറ്റ് ആവശ്യങ്ങൾക്കായി ഏകദേശം 100 പൗണ്ട് അധികമായി ചെലവായതായും അവർ പറഞ്ഞു.
Fashion ⏭️


