NEWS
യുഎഇയിൽ ചൂടിന് ആശ്വാസം; വേനൽക്കാലം ഔദ്യോഗികമായി സമാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം

അബുദാബി∙ കടുത്ത ചൂടിനും അസഹനീയമായ ഈർപ്പത്തിനും വിട നൽകി യുഎഇയിൽ വേനൽക്കാലം ഔദ്യോഗികമായി സമാപനത്തിലേക്ക്. ഈ മാസം 23 ന് രാജ്യത്ത് വേനൽക്കാലം ഔദ്യോഗികമായി അവസാനിക്കുമെന്ന് ജ്യോതിശാസ്ത്ര കണക്കുകൾ വ്യക്തമാക്കുന്നു.ഇതിന്റെ മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ പ്രകടമായ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് പുലർച്ചെ 6 ന് അൽ ഐനിലെ രക്നയിൽ ഈ വേനൽക്കാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 18.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ശീതകാലത്ത് പൂജ്യത്തിലും താഴെ താപനില രേഖപ്പെടുത്താറുള്ള രക്ന യുഎഇയിലെ ഏറ്റവും തണുപ്പേറിയ പ്രദേശങ്ങളിലൊന്നാണ്. ഇന്ന് പുലർച്ചെ ദംഥയിൽ 21.4 ഡിഗ്രി സെൽഷ്യസും അൽ വത്ബയിൽ 22.3 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില രേഖപ്പെടുത്തി. പകൽ സമയങ്ങളിൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും പുലർച്ചെയും രാത്രിയിലും അന്തരീക്ഷം തണുത്തുതുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ തന്നെ താപനില കുറഞ്ഞുതുടങ്ങുമെങ്കിലും വരുന്ന ദിവസങ്ങളിലും ചൂടുള്ള അന്തരീക്ഷം തുടരുമെന്ന് എൻസിഎം ഡയറക്ടർ മുഹമ്മദ് അൽ ഇബ്രി വ്യക്തമാക്കി.
Fashion ⏭️


