വടകര എംഡിഎംഎ കേസ്: അദ്ധ്യാപികയ്‌ക്ക് പിന്നാലെ ഡെലിവറി ബോയെയും അറസ്റ്റ് ചെയ്‌ത് പ്രത്യേക അന്വേഷണ സംഘം

വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായവർ
കോഴിക്കോട്: വടകരയിലെ എംഡിഎംഎ കേസിൽ അദ്ധ്യാപികയ്‌ക്ക് പിന്നാലെ ഒരു കോടിയുടെ എം.ഡി.എം.എ ഇടപാട് നടത്തിയ ഡെലിവറി ബോയിയും അറസ്റ്റിലായി. പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് സെന്ററിലെ (ബി.ആർ.സി.) സ്‌പെഷ്യൽ അദ്ധ്യാപികയും കുട്ടോത്ത് വലിയപറമ്പിൽ വി.പി.നിഷ്മയാണ് (30) അറസ്റ്റിലായത്. ഇവരോടൊപ്പം എം.ഡി.എം.എ കൈമാറ്റത്തിലുൾപ്പെടെ നിർണായക പങ്കുവഹിച്ച ഭക്ഷണ വിതരണ കമ്പനിയുടെ ഡെലിവറി ബോയി ഇരിട്ടി കൂട്ടുപുഴ ജിജിൽ കുര്യാക്കോസിനെയാണ് (23) വടകര പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സുഹൃത്തായ ഇടപാടിലെ പ്രധാനിക്കായും തെരച്ചിലാരംഭിച്ചിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ അദ്ധ്യാപികമാരായ കെ.കാവ്യയുടെയും കെ.സി.കീർത്തനയുടെയും മൊഴികൾ, ബാങ്ക് ഇടപാടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയാണ് ഇവരെ കുടുക്കിയത്. നീഷ്മയെയും വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടു. അറസ്റ്റിലായ അദ്ധ്യാപികമാർ സുഹൃത്തുക്കളാണെന്നും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇനിയും അറസ്റ്റുണ്ടാകുമെന്ന് അന്വേഷണച്ചുമതലയുള്ള വടകര ഇൻസ്‌പെക്ടർ എ.വി.ദിനേശ് പറഞ്ഞു. ഒരാളുടെ അക്കൗണ്ടിലേക്ക് മാത്രം വലിയ തുകയെത്തിയാൽ സംശയമുണ്ടാകുമെന്നതിനാൽ, അദ്ധ്യാപികമാർ പണം വിഭജിച്ചാണ് ഇടപാട് നടത്തിയിരുന്നത്. സാമ്പത്തിക ഇടപാടുകളുടെ ഉറവിടവും പണമെത്തിയ വഴികളും വിശദമായി പരിശോധിക്കും. 2,000 മുതൽ 50,000 രൂപ വരെ അക്കൗണ്ടുകളിലെത്തിയിട്ടുണ്ട്.
ഇടപാട് ഇൻസ്റ്റഗ്രാം വഴി
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആവശ്യക്കാരുമായി ബന്ധപ്പെട്ട ശേഷം, നേരിട്ട് എം.ഡി.എം.എ കൈമാറുന്നതാണ് ഇവരുടെ രീതി. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, ചാറ്റുകൾ, കോൾ വിവരങ്ങൾ, ഡിജിറ്റൽ രേഖകൾ എന്നിവ പരിശോധിക്കുകയാണ് അന്വേഷണ സംഘം. അദ്ധ്യാപക ജോലി താത്കാലികമായതിനാൽ തുച്ഛമായ ശമ്പളമാണ് ലഭിച്ചിരുന്നത്. എന്നാൽ ഇവർ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഇടപാടുകൾക്ക് കമ്മിഷൻ ലഭിച്ചിരുന്നെന്നാണ് വിവരം. ലഭിച്ച പണം എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചത്, മറ്റ് അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ, സ്വത്ത് വാങ്ങാനോ മറ്റോ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. രണ്ടാഴ്ച മുമ്പ് എം.ഡി.എം.എ കേസിൽ അറസ്റ്റിലായ റിസ്വാനിൽ നിന്നാണ് അദ്ധ്യാപികമാരിലേക്ക് അന്വേഷണമെത്തുന്നത്. റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
English Summary
Police have arrested a food delivery worker in connection with the Vadakara MDMA case, following the earlier arrest of a special education teacher. The arrested delivery worker, Jijil Kuryakose (23) from Koottupuzha, Iritty, is accused of playing a key role in the transfer of MDMA valued at around ₹1 crore.


