NEWS
ഇടപെട്ട് ഖത്തർ; യുദ്ധം നിർത്താൻ ട്രംപ്, തീയണയാതെ എണ്ണവില, സ്വർണത്തിന് തകർച്ച, ഇന്ത്യയ്ക്ക് യുഎസിന്റെ ബോണ്ടാഘാതം

പശ്ചിമേഷ്യയിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനും യുഎസും തമ്മിലെ യുദ്ധം അവസാനിപ്പിക്കാനായി ശ്രമിക്കുന്ന ‘മധ്യസ്ഥരുമായി’ യുഎസ് ഉദ്യോഗസ്ഥർ ചർച്ച നടത്തിയെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, യുദ്ധത്തിൽ യുഎസ് ആണ് ജയിക്കാൻ പോകുന്നതെന്ന് ട്രംപ് പറഞ്ഞത് ഇറാനെ അലോസരപ്പെടുത്തിയേക്കും. ‘‘ഇറാനുമായുള്ള യുദ്ധം ഉടൻ തീരും. ഏത് വഴിക്കായാലും ഞങ്ങളാണ് ഈ യുദ്ധം ജയിക്കുക. അത് ഉടനെയുണ്ടാകും’’ – ട്രംപ് പറഞ്ഞത് ഇങ്ങനെ. യുദ്ധം തീരുന്നതോടെ എണ്ണവില ഇടിയുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം നിർത്താനും ഹോർമുസ് തുറക്കാനും ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ട്രംപ് തള്ളിയതാണ് ഇന്നലെ ആഗോളതലത്തിൽ ഓഹരി വിപണികളെ പ്രധാനമായും ചോരപ്പുഴയാക്കിയത്. ഇപ്പോൾ മധ്യസ്ഥരുമായി ചർച്ച നടത്തിയെന്ന് പറയുമ്പോഴും ഏത് വ്യവസ്ഥകളാണ് യുഎസ് മുന്നോട്ടുവയ്ക്കുന്നതെന്ന് വ്യക്തമല്ല. ഇറാനെ ഒരിക്കലും ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്ന വാദത്തിലാണ് ട്രംപ് ഉറച്ചുനിൽക്കുന്നു. ‘‘ആണവായുധം ഞങ്ങൾക്ക് വേണ്ട’’ എന്ന് ഇറാൻ ആവർത്തിക്കുന്നുമുണ്ട്. ഇടപെട്ട് ഖത്തർ; കപ്പൽ പിടിച്ച് ഇറാൻ ഖത്തർ ആണ് സമാധാനക്കരാർ ഉറപ്പാക്കാനായി ഇപ്പോൾ പ്രധാനമായും മധ്യസ്ഥത വഹിക്കുന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഖത്തർ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസിൽ യുഎസ് സൈന്യം തുടരുന്ന കപ്പൽ ഉപരോധം അവസാനിപ്പിക്കുകയും ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടുകയും എണ്ണ വിൽക്കാൻ അനുവദിക്കുകയും ചെയ്താൽ ഒരാഴ്ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ അറിയിച്ചിരുന്നു. എന്നാൽ, ഈ നിർദേശം ട്രംപ് കയ്യോടെ തള്ളിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. യുദ്ധം നിർത്തണോ എന്ന് ട്രംപിന് തീരുമാനിക്കാമെന്നും മറിച്ച് ആക്രമണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സമ്പൂർണ യുദ്ധത്തിന് ഇറാൻ സജ്ജമാണെന്നും അബ്ബാസ് അരഗ്ചി പറഞ്ഞിരുന്നു. ഇതിനിടെ ഇറാൻ സൈന്യം ഹോർമുസിന് സമീപം 2 വെസ്സലുകൾ പിടിച്ചെടുത്തെന്നും 50 പേരെ അറസ്റ്റ് ചെയ്തെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെ വരിഞ്ഞുമുറുക്കിയെന്ന് യുഎസ് ഒരുവശത്ത് ആക്രമണം, കപ്പൽ ഉപരോധം എന്നിവയും മറുവശത്ത് സമാധാന ചർച്ചയും നടക്കുമ്പോഴും ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള നടപടികളും കടുപ്പിക്കുകയാണ് യുഎസ്. ഉപരോധങ്ങൾ ശക്തമാക്കിയതോടെ ഇറാന്റെ കറൻസിയായ റിയാൽ തരിപ്പണമായെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പറഞ്ഞു. ഒരു യുഎസ് ഡോളറിന് 24.5 ലക്ഷം റിയാൽ എന്ന നിലയിലേക്കാണ് മൂല്യം കൂപ്പുകുത്തിയത്. ഇറാനിൽ പണപ്പെരുപ്പം 61.4 ശതമാനമായെന്നും ഭക്ഷ്യവിലപ്പെരുപ്പം 128.1 ശതമാനമാണെന്നും റിപ്പോർട്ടുകളുണ്ട്. പണപ്പെരുപ്പം 318 ശതമാനമായെന്നാണ് ട്രംപ് ഇന്നലെ പറഞ്ഞത്. തീവിലയിൽ ക്രൂഡോയിൽ; നോവിച്ച് ‘ബോണ്ട് ബോംബ്’! മധ്യസ്ഥശ്രമങ്ങൾ നടക്കുകയാണെങ്കിലും ഭിന്നതയ്ക്കും പോർവിളിക്കും അയവില്ലാത്തതിനാലും സൗദി അറേബ്യയെ ഹൂതികൾ ശല്യപ്പെടുത്തുന്നതും എണ്ണവിലയെ ഉയരത്തിൽതന്നെ നിർത്തിയിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.40% ഉയർന്ന് 106.8 ഡോളറിലാണ് ഇപ്പോഴുള്ളത്. അമേരിക്കൻ (ഡബ്ല്യുടിഐ) ക്രൂഡ് വില 1.03% ഉയർന്ന് 93.55 ഡോളറും. ക്രൂഡോയിൽ വില വർധന യുഎസിൽ പണപ്പെരുപ്പപ്പേടിക്ക് ഇടവരുത്തിയതും അടിസ്ഥാന പലിശനിരക്ക് വീണ്ടും കൂടാനുള്ള സാധ്യത ഉയർന്നതും ഓഹരി വിപണിക്കും സ്വർണത്തിനും തിരിച്ചടിയാകുകയുമാണ്. യുഎസ് ട്രഷറി ബോണ്ട് യീൽഡും യുഎസ് ഡോളറും ഉയർന്നുനിൽക്കുന്നത് യുഎസ് ഓഹരി വിപണികളെ ഇന്നലെ നഷ്ടത്തിലേക്ക് വീഴ്ത്തി. എസ് ആൻഡ് പി500 സൂചിക 0.77%, നാസ്ഡാക് 0.92%, ഡൗ ജോൺസ് 0.67% എന്നിങ്ങനെ ഇടിഞ്ഞു. യുഎസ് ഡോളർ സൂചിക 101.22 എന്ന ശക്തമായ നിലയിലാണ്. യുഎസ് 10-വർഷ ട്രഷറി യീൽഡ് 5.24 ശതമാനത്തിൽ എത്തിയെങ്കിലും പിന്നീട് അൽപം താഴ്ന്ന് 5.23 ശതമാനമായി. 2007ന് ശേഷമുള്ള ഏറ്റവും ഉയരമാണിത്. യുദ്ധം ഉടൻ തീർന്നേക്കുമെന്ന പ്രതീക്ഷകളെ തുടർന്ന് യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ് 19 പോയിന്റ് ഉയർന്നു. എസ് ആൻഡ് പി500, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.26% വരെ താഴ്ന്നു. ഏഷ്യൻ വിപണികളും ചുവന്നാണ് വ്യാപാരം ചെയ്തത്. ജാപ്പനീസ് നിക്കേയ് 1.17%, ദക്ഷിണ കൊറിയൻ കോസ്പി 0.44%, ഹോങ്കോങ് 0.45%, ഷാങ്ഹായ് 0.31% എന്നിങ്ങനെ താഴ്ന്നു. തകർച്ചയിൽ നിന്ന് കരകയറാൻ ഇന്ത്യൻ വിപണി ഇന്നലെ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ ഓഹരി വിപണി ഇന്നും കരുതലോടെയാകും വ്യാപാരം തുടങ്ങുക. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 10 പോയിന്റ് താഴ്ന്നു. ഇന്നലെ എല്ലാ ഓഹരി വിഭാഗങ്ങളും വിൽപനസമ്മർദത്തിൽ മുങ്ങിയതിനാൽ സെൻസെക്സ് 1124 പോയിന്റ് (-1.52%) ഇടിഞ്ഞ് 72,771ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 360 പോയിന്റ് (-1.56%) താഴ്ന്ന് 22,780ലും. ആവശ്യങ്ങൾ അംഗീകരിച്ചാൽ യുദ്ധം നിർത്താമെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളിയതും പിന്നാലെ എണ്ണവില കുതിച്ചതും ഓഹരി വിപണികളിൽ നിരാശ പടർത്തി. ഇന്ത്യൻ രൂപ ഇതോടെ ഡോളറിനെതിരെ 96 നിലവാരത്തിലേക്ക് വീണ്ടും ഇടിഞ്ഞതും തിരിച്ചടിയായി. യുഎസ് ബോണ്ട് യീൽഡ് (കടപ്പത്ര നിക്ഷേപത്തിലെ നേട്ടനിരക്ക്) 5 ശതമാനത്തിന് മുകളിൽ നിൽക്കുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. നിക്ഷേപകർ ഇന്ത്യയിൽ നിന്ന് പണം പിൻവലിച്ച് ബോണ്ടുകളിലേക്ക് ഒഴുക്കും. ഇന്നലെ മാത്രം 5000 കോടിയോളം രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. സ്വർണവില വീഴുന്നു ഡോളറും ബോണ്ടും നടത്തുന്ന കുതിപ്പിൽ വീണുടയുകയാണ് രാജ്യാന്തര സ്വർണവില. ഒരുവേള ഔൺസിന് 160 ഡോളറിലേറെ കൂപ്പുകുത്തി 7-മാസത്തെ താഴ്ചയായ 4112 ഡോളറിലേക്ക് രാജ്യാന്തര വില ഇടിഞ്ഞു. ഇപ്പോഴുള്ളത് 144 ഡോളർ താഴ്ന്ന് 4133 ഡോളറിൽ. കേരളത്തിൽ ഇന്നും വില കുറയാം. പക്ഷേ, രാജ്യാന്തരവില നഷ്ടം കുറച്ചില്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇന്നും വമ്പൻ ഇടിവുണ്ടാകുമായിരുന്നു.
Fashion ⏭️




