HEALTH
ലോക ഹൃദയ ദിനം; “ഒറ്റമൂലി’ തേടി പോയപ്പോൾ നഷ്ടമായത് ഹൃദയാരോഗ്യമോ… | World Heart Day: Falling Prey to Quack Cures and Losing Heart Health?

ആകർഷകമായ പരസ്യ വാഗ്ദാനങ്ങൾക്ക് നമ്മൾ കൊടുക്കേണ്ടി വരുന്ന വില എത്രത്തോളമായിരിക്കും? ഒരുപക്ഷേ സ്വന്തം ജീവൻ തന്നെ! കഴിഞ്ഞ മാസം എന്റെ നാടായ കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിൽ നടന്ന ഒരു സംഭവം പങ്കുവെക്കാം… ഒരു മധ്യവയസ്കൻ വീട്ടിൽ കുഴഞ്ഞുവീണു. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇസിജി പരിശോധനയിൽ ഹൃദയാഘാതം സ്ഥിരീകരിച്ചു. രക്തസമ്മർദ്ദവും പ്രമേഹവും പരിശോധിച്ചപ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 550 mg/dL..!! ആവശ്യമായ അടിയന്തര ചികിത്സയും ആഞ്ചിയോപ്ലാസ്റ്റിയും സമയബന്ധിതമായി ലഭിച്ചതിനാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി. എന്നാൽ, എല്ലാ ഹൃദയാഘാത രോഗികൾക്കും ഇത്തരത്തിൽ രക്ഷപ്പെടാൻ സാധിക്കണമെന്നില്ല. ചിലപ്പോൾ വാർത്തകളിൽ കേൾക്കുന്നത് “മധ്യവയസ്കൻ കുഴഞ്ഞുവീണ് മരിച്ചു” എന്നായിരിക്കും. സ്വാഭാവികമായും, ഡോക്ടർ രോഗിയുടെ മുൻകാല ആരോഗ്യവിവരങ്ങൾ വീട്ടുകാരോട് അന്വേഷിച്ചു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു: “മൂന്ന് വർഷം മുമ്പ് പ്രമേഹമുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടക്കത്തിൽ മരുന്നുകൾ കൃത്യമായി കഴിച്ചിരുന്നു. പിന്നീട് കുറച്ചുനാളായി മരുന്നുകൾ നിർത്തി. പ്രമേഹം പൂർണമായി മാറുമെന്ന വാഗ്ദാനവുമായി എത്തിയ ഏതോ ഒറ്റമൂലിയുടെയും പ്രകൃതിചികിത്സയുടെയും ഉൽപന്നങ്ങളുടെയും പിന്നാലെയായിരുന്നു പിന്നീട്…” ചിന്തിച്ചുനോക്കൂ… ഇവിടെ നമുക്ക് തിരിച്ചറിയേണ്ട പ്രധാന വില്ലൻ ആരാണ്? അനിയന്ത്രിതമായി തുടർന്ന പ്രമേഹവും, ശാസ്ത്രീയ ചികിത്സ മുടക്കിയതുമല്ലേ? ഇത്തരം സംഭവങ്ങൾ കേൾക്കുമ്പോൾ വിധിയെയോ കോവിഡ് വാക്സിനെയോ പഴിചാരി ആശ്വാസം കണ്ടെത്തുന്നതിനു പകരം, യഥാർത്ഥ ആരോഗ്യകാരണങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകുകയല്ലേ വേണ്ടത് ? 25 വർഷമായി പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും കൃത്യമായി ചികിത്സ സ്വീകരിച്ച് ആരോഗ്യത്തോടെ ജീവിക്കുന്ന എത്രയോ ആളുകൾ നമുക്കു ചുറ്റുമുണ്ട്. അപ്പോൾ വെറും മൂന്ന് വർഷം കൊണ്ട് ഒരാൾക്ക് ഇത്ര ഗുരുതരമായ അവസ്ഥയിലേക്ക് എത്തേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് നാം ഗൗരവമായി ചിന്തിക്കേണ്ടതില്ലേ? ഓർക്കുക: അനിയന്ത്രിതമായ പ്രമേഹവും രക്തസമ്മർദ്ദവും ഹൃദ്രോഗം, വൃക്കരോഗം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര സങ്കീർണതകളുടെ സാധ്യത വർധിപ്പിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാൻ രോഗങ്ങളെ നേരത്തെ തിരിച്ചറിയുക, കൃത്യമായി ചികിത്സിക്കുക, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. ഈ ലോക ഹൃദയദിനത്തിൽ വ്യാജ വാഗ്ദാനങ്ങൾക്കു പിന്നാലെയല്ല, ശാസ്ത്രീയ ചികിത്സയ്ക്കും ആരോഗ്യകരമായ ജീവിതത്തിനുമൊപ്പമെന്ന് നമുക്ക് തീരുമാനമെടുക്കാം…വിലപ്പെട്ട ആരോഗ്യം അജ്ഞതകൊണ്ട് സ്വയം നഷ്ടപ്പെടുത്താതിരിക്കുക.-നിസാർ ചെറുവത്ത്(ജനറൽ സെക്രട്ടറി -യുനീഖ്)
Life Style ⏭️




