NEWS

അമേരിക്കയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കെതിരെ അത്യപൂർവമായ നടപടിയുമായി ട്രംപ് ഭരണകൂടം


വാഷിങ്ടൻ∙ അമേരിക്കയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കെതിരെ അത്യപൂർവമായ കടുത്ത നടപടിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടവും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും. വീസ വ്യവസ്ഥകൾ ലംഘിക്കുക, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, അമേരിക്കൻ പൗരന്മാർക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുക, സാമ്പത്തിക തട്ടിപ്പുകൾ നടത്തുക, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുക തുടങ്ങിയ കാരണങ്ങളാൽ 1,75,000ത്തിലധികം വിദേശികളുടെ വീസ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തുടർച്ചയായി നടത്തുന്ന കർശന പരിശോധനകളുടെയും ഡിജിറ്റൽ നിരീക്ഷണങ്ങളുടെയും ഫലമായാണ് കർശന നീക്കം.റദ്ദാക്കപ്പെട്ട വീസകളിൽ ഭൂരിഭാഗവും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ വിദേശികളുടേതാണ്. മർദ്ദനം, മദ്യപിച്ച് വാഹനമോടിക്കൽ (DUI), മോഷണം, ലഹരിമരുന്ന് കടത്ത് തുടങ്ങിയ ക്രിമിനൽ കേസിൽപ്പെട്ടവരാണ് പട്ടികയിൽ മുന്നിലുള്ളത്. കൂടാതെ അമിതവേഗതയിൽ അപകടകരമായി വാഹനമോടിച്ചവർ, ലൈംഗിക അതിക്രമം നടത്തിയവർ, കുട്ടികളെ പീഡിപ്പിച്ചവർ, ലക്ഷക്കണക്കിന് ഡോളറിന്റെ വഞ്ചനാ കേസുകളിൽപ്പെട്ടവർ എന്നിവരുടെയും വീസകൾ കൂട്ടത്തോടെ റദ്ദാക്കിയിട്ടുണ്ട്.വിദേശനയ സുരക്ഷ മുൻനിർത്തി ഒട്ടേറെ വ്യക്തികളെ രാജ്യത്തുനിന്ന് ഉടൻ നാടുകടത്താൻ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഉത്തരവിട്ടു. ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ചാരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾ, ഇറാൻ ഭരണകൂടവുമായി ബന്ധമുള്ളവർ, കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ, യുഎസ് പ്രസിഡന്റിനെയും ജനങ്ങളെയും ശത്രുക്കളായി പ്രഖ്യാപിച്ച് ഭീഷണി മുഴക്കിയവർ എന്നിവരെ വിദേശനയ നിയമങ്ങൾ പ്രകാരം നാടുകടത്താനാണ് തീരുമാനം.


Fashion ⏭️

Back to top button