NEWS
തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു; മൃതദേഹം ഭാഗികമായി ഭക്ഷിച്ച നിലയിൽ

കൽപറ്റ ∙ ഗൂഡല്ലൂർ ഓവേലിയിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നു. ബാലകൃഷ്ണൻ മരുതൻ (65) ആണ് മരിച്ചത്. ഓവേലി ക്വയിന്റിലെ ലാറൻസ്റ്റൺ തേയിലത്തോട്ടത്തിലെ തൊഴിലാളിയും വനത്തോട് ചേർന്ന പാടിയിലെ താമസക്കാരനും ആയിരുന്നു. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ തേയില തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണനെ പിന്നീട് കാണാതാവുകയായിരുന്നു. രാത്രി തോട്ടത്തിൽ വെള്ളം ഒഴുക്കിവിടാൻ പോയതായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ പമ്പ് ഹൗസിൽ നിന്ന് 500 മീറ്റർ അകലെ കടുവ ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുറച്ച് ദിവസങ്ങളായി ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തലനാരിഴയ്ക്കാണ് പ്രദേശവാസികൾ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് വന്യജീവി ആക്രമണം വ്യാപിക്കുന്നതിൽ വനംവകുപ്പിന്റെ ഗുരുതര അനാസ്ഥ ആരോപിച്ച് പ്രദേശവാസികൾ പ്രതിഷേധം നടത്തി.
Fashion ⏭️

