NEWS
കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവതിയുടെ മരണം: ‘സിസിടിവി ദൃശ്യം പുറത്തുവിടണം’; കേസെടുത്തു പൊലീസ്

തിരുവല്ല ∙ കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്കു പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ വെൽനെസ് ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ശേഖരിച്ചു ജില്ലാ മെഡിക്കൽ ഓഫിസർക്ക് പ്രാഥമിക റിപ്പോർട്ട് കൈമാറി. മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യ (45) ആണു മരിച്ചത്.തിരുവല്ലയിൽ പ്രവർത്തിക്കുന്ന മെഡ്ലോഞ്ചസ് എന്ന സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 16നാണു വിദ്യയുടെ കയ്യിലെ കൊഴുപ്പ് നീക്കുന്നതിനു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. അതേസമയം, ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നും ക്ലിനിക്കിന്റെ ഭാഗത്തു വീഴ്ചയുണ്ടായിട്ടില്ലെന്നും ക്ലിനിക് അധികൃതർ പറഞ്ഞു.
Fashion ⏭️




