NEWS
ഭാഗ്യദേവത ആരെ തുണയ്ക്കും ? 450 കോടിയുടെ റെക്കോർഡ് വിൽപ്പന; തിരുവോണം ബംപർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം∙ ‘ഓണക്കോടി’ ഏതു ഭാഗ്യവാനാണെന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. 30 കോടി രൂപ ഒന്നാംസമ്മാനം നല്കുന്ന തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്നുച്ചയ്ക്കാണ്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നു. 450 കോടിയാണ് ടിക്കറ്റ് വില്പന വഴി സര്‍ക്കാരിനു ലഭിച്ചതെങ്കിലും സമ്മാനം, ജിഎസ്ടി, അച്ചടി തുടങ്ങിയവയ്ക്ക് തുക ചെലവാകും. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് 1.30നാണ് നറുക്കെടുപ്പ്. മന്ത്രി കെ.മുരളീധരന് ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക. 10 ശതമാനമാണ് (3 കോടി) ഏജന്റ് കമ്മിഷന്. ബാക്കി 27 കോടി രൂപയില്‍ ആദായനികുതിയും (30 ശതമാനം) സര്‍ചാര്‍ജും (25 ശതമാനം) ആരോഗ്യ, വിദ്യാഭ്യാസ സെസും (4 ശതമാനം) കുറവു വരും. ഇതെല്ലാം കൂടി ഏതാണ്ട് 10.53 കോടി രൂപയാകും. ഏറ്റവും കൂടുതല്‍ വില്പന നടന്നത് പതിവുപോലെ പാലക്കാട് ജില്ലയിലാണ്: 20.95 ലക്ഷം ടിക്കറ്റുകള്‍. വില്പനയില് തൃശൂര്‍ ജില്ല രണ്ടാമതും( 10.62 ലക്ഷം), തിരുവനന്തപുരം (8.64 ലക്ഷം) മൂന്നാം സ്ഥാനത്തുമാണ്. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറച്ച് ടിക്കറ്റുകള്‍ വിറ്റത്: 2.71 ലക്ഷം. ലോട്ടറി ഏജന്റുമാര്‍ക്കാണ് സര്‍ക്കാര്‍ ടിക്കറ്റുകള്‍ കൂട്ടത്തോടെ വില്‍ക്കുന്നത്. സര്‍ക്കാരിന്റെ പക്കല്‍ ഇനി ടിക്കറ്റുകള്‍ ബാക്കിയില്ലെങ്കിലും മിക്ക ഏജന്റുമാരുടെയും പക്കല്‍നിന്ന് ഇന്നും ടിക്കറ്റുകള്‍ വാങ്ങാം. വില്ക്കാത്ത ടിക്കറ്റുകള്‍ ബാക്കിയില്ലാത്തതിനാല്‍ നറുക്കെടുപ്പും ഇത്തവണ വേഗത്തില്‍ പൂര്‍ത്തിയാക്കാം. വില്ക്കാത്ത ടിക്കറ്റിന് സമ്മാനം അടിച്ചാല്‍ വീണ്ടും നറുക്കെടുപ്പ് നടത്തേണ്ടി വരാറുണ്ട്. 500 രൂപയുടെ ഒരു ടിക്കറ്റ് വില്ക്കുമ്പോള് യഥാര്‍ഥ ടിക്കറ്റ് വില 357.14 രൂപയാണ്. 142.86 രൂപയാണ് ഒരു ടിക്കറ്റില്‍ നിന്നുള്ള ജിഎസ്ടി.
Fashion ⏭️




