NEWS

ഭാര്യപോലും അറിയാതെ കെഎസ്ആർടിസി ബസ് വാങ്ങാൻ 40 ലക്ഷം നൽകിയ ജോസിനുണ്ട്, റോബട്ടിക് കാർ പാർക്കിങ്ങിൽ 4 പേറ്റന്റ്


അങ്കമാലി ∙ മൂക്കന്നൂർ സ്വദേശി കെ.ടി. ജോസ് കെഎസ്ആർടിസി ബസ് വാങ്ങാൻ 40 ലക്ഷംരൂപ സ്പോൺസർ ചെയ്തത് സ്വന്തം ഭാര്യപോലും അറിയാതെ. ബസ് കൊടുത്ത കാര്യം ഭാര്യ അറിഞ്ഞതു ചെക്ക് കൈമാറുന്ന ചിത്രം ജോസ് വാട്‌സാപ്പിൽ നൽകിയപ്പോൾ. ഒരു തംപ്‌സ് അപ്പായിരുന്നു ഭാര്യയുടെ മറുപടി. ‘‘പൊതുജനങ്ങൾക്കു കെഎസ്ആർടിസിക്ക് ബസ് സ്പോൺസർ ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ടപ്പോഴാണു വരുമാനത്തിന്റെ ഒരുഭാഗം പൊതുജനങ്ങൾക്കു ഉപകാരപ്പെടുന്ന കാര്യത്തിനു ചെലവഴിക്കാമെന്നു ചിന്തിച്ചത് ’’– മൂക്കന്നൂർ അട്ടാറ കുളങ്ങര സ്വദേശിയായ ജോസ് പറഞ്ഞു. സർക്കാരിനു സഹായവുമായി ഇനിയും പലരും മുന്നോട്ടുവരുമെന്ന് ജോസിന് ഉറപ്പുണ്ട്. ‘‘സ്പോൺസർഷിപ്പിന് എന്തൊക്കെ ചെയ്യണമെന്നു ചോദിച്ചു പലരും വിളിക്കുന്നുണ്ട്.’’– കെഎസ്ആർടിസിക്ക് ബസ് സമ്മാനിച്ചു വാർത്തകളിൽ നിറഞ്ഞ ജോസ് പറഞ്ഞു.റോബട്ടിക് കാർ പാർക്കിങ്ങിൽ ലോകത്തെ വമ്പൻ കമ്പനികളെ വിസ്മയിപ്പിക്കുന്ന ഇൻസ്റ്റലേഷൻ മികവാണു ജോസിനെ ബിസിനസ് രംഗത്തു ശ്രദ്ധേയനാക്കിയത്. കാക്കനാട് ലുലു ഗ്രൂപ്പിന്റെ ട്വിൻ ടവറിൽ 3000 കാറുകൾ പാർക്ക് ചെയ്യുന്ന സംവിധാനമാണ് ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ട്. ട്വിൻ ടവർ സന്ദർശിച്ച എല്ലാവരും ആദ്യം തിരക്കിയതു റോബട്ടിക് പാർക്കിങ് സംവിധാനത്തെക്കുറിച്ചായിരുന്നു. ഐഐടി എൻജിനീയർമാരെ വെല്ലുന്ന ഐടിഐ ബുദ്ധിയിൽനിന്നാണ് ജോസിന്റെ എൻജിനീയറിങ് രംഗത്തെ വളർച്ച. മൂക്കന്നൂർ ഐടിഐയിൽ വെൽഡർ കോഴ്സും കളമശേരി പോളിടെക്നിക്കിൽനിന്നു മെക്കാനിക്കൽ ഡിപ്ലോമയും നേടിയ ശേഷമാണ് ജോസ് വീടിനോടുചേർന്ന് ഹീമാൻ എൻജിനീയേഴ്സ് എന്ന ചെറിയ എൻജിനീയറിങ് വർക്‌ഷോപ് തുടങ്ങുന്നത്. അതു വളർന്ന് ഹീമാൻ ഓട്ടോ റോബോ പാർക്കായി. കഠിനാധ്വാനത്തിൽ, പാർക്ക് കമ്പനിയായി വളർന്നതു ചരിത്രം.


Fashion ⏭️

Back to top button