NEWS
‘ജലം ആയുധമായി ഉപയോഗിക്കരുത്, തടഞ്ഞാൽ യുദ്ധപ്രഖ്യാപനം; കശ്മീർ തർക്കത്തിന് നിഷ്പക്ഷമായ പരിഹാരം വേണം’

വാഷിങ്ടൻ ∙ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്നുണ്ടായ നാല് ദിവസത്തെ ഇന്ത്യ-പാക്കിസ്ഥാൻ സൈനിക സംഘർഷത്തിനിടയിൽ സമയബന്ധിതമായി ഇടപെട്ടതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി അറിയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സിന്ധു നദീജല കരാർ പ്രകാരം പാക്കിസ്ഥാന് ലഭിക്കേണ്ട ജലം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഇന്ത്യയുടെ ഏത് ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആണവായുധങ്ങളുള്ള ഇരു അയൽരാജ്യങ്ങളും വലിയൊരു യുദ്ധത്തിന്റെ വക്കിലെത്തിനിൽക്കെ നിർണായക നിമിഷത്തിലായിരുന്നു ട്രംപിന്റെ ഇടപെടലെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘‘ആണവായുധ ശേഷിയുള്ള രണ്ട് അയൽരാജ്യങ്ങൾ സമ്പൂർണ യുദ്ധത്തിന്റെ വക്കിൽ നിൽക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ സമയബന്ധിതമായ ഇടപെടൽ. ചിന്തയിലും പ്രവൃത്തിയിലും വ്യക്തതയോടെ പ്രസിഡന്റ് ട്രംപ് ആ നിർണായക നിമിഷത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ എത്രത്തോളം വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നുവെന്ന് ആർക്കറിയാം ? അതിനാൽ ദക്ഷിണേഷ്യ ഇനി ഒരിക്കലും അത്തരമൊരു അപകടകരമായ സാഹചര്യത്തിലേക്ക് എത്തുന്നില്ലെന്ന് നമ്മൾ ഉറപ്പാക്കണം’’ – ഷെഹ്ബാസ് ഷെരീഫ് പറഞ്ഞുസിന്ധു നദീതടത്തിലെ ജലം പാക്കിസ്ഥാൻ ജനതയുടെ മാത്രമല്ല, മുഴുവൻ പ്രദേശത്തിന്റെയും ജീവരക്തമാണ്. ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനത്തിനു നിയമപരമായ യാതൊരു അടിസ്ഥാനവുമില്ല. ജലം ഒരിക്കലും ആയുധമായി ഉപയോഗിക്കരുത്. നദികൾ രാജ്യങ്ങളെ പോഷിപ്പിക്കേണ്ടവയാണ്, ഭിന്നിപ്പിക്കേണ്ടവയല്ല. അതുകൊണ്ട് പാക്കിസ്ഥാന്റെ ജലവിഹിതം തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏത് ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കും. ഇന്ത്യക്ക് ഇതിൽ യാതൊരു തെറ്റിദ്ധാരണയും വേണ്ട. കരാർ ഇപ്പോഴും സാധുതയുള്ളതും പൂർണമായി നിലനിൽക്കുന്നതുമാണെന്ന പാക്കിസ്ഥാന്റെ നിലപാട് ഐക്യരാഷ്ട്ര സംഘടനയിലെ വിദഗ്ധരും ആർബിട്രേഷൻ കോടതിയും ശരിവച്ചിട്ടുണ്ട്’’ – ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
Fashion ⏭️




