NEWS
കോംഗോയിൽ വിമാനം തകർന്നുവീണു: 14 മരണം; മരിച്ചവരിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും

കിൻഷാസ ∙ ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. കോംഗോ സൈന്യമാണ് അപകടവിവരം പുറത്തുവിട്ടത്. കോംഗോയിലെ സൈനിക കോടതി മേധാവി ലഫ്റ്റനന്റ് ജനറൽ മുട്ടോംബോ കാറ്റലായി ടിയെൻഡെ, സായുധ സേനയുടെ ഓഡിറ്റർ ജനറൽ ലഫ്റ്റനന്റ് ജനറൽ ബാക്കുമി ലികുലിയ എന്നിവരാണ് കൊല്ലപ്പെട്ട മുതിർന്ന സൈനിക ഉദ്യോഗസ്ഥർ. രണ്ട് ജനറൽ ഓഫിസർമാർക്ക് പുറമെ, പ്രതിനിധി സംഘത്തിലെ 12 അംഗങ്ങളും വിമാനത്തിലെ ജീവനക്കാരും അപകടത്തിൽ മരണപ്പെട്ടതായി കോംഗോ സൈനിക വക്താവ് മേജർ ജനറൽ എഫോമി എകെംഗെ പ്രസ്താവനയിലൂടെ അറിയിച്ചു.തെക്കുപടിഞ്ഞാറൻ നഗരമായ കിക്വിറ്റിൽ നിന്നും തലസ്ഥാനമായ കിൻഷാസയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. കെംഗെ എന്ന സ്ഥലത്ത് വിമാനം തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചുവെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അപകടകാരണം നിലവിൽ അജ്ഞാതമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ബോർഡ് ചെയർമാൻ ട്രൈഫോൺ കിൻ-കീ മുലുമ്പ പറഞ്ഞു.
Fashion ⏭️




