ഒ.ബി.സി ക്രീമിലെയർ: വിധി നടപ്പാക്കാൻ രണ്ടുവർഷം ചോദിച്ചു

ന്യൂഡൽഹി: ഒ.ബി.സി ക്രീമിലെയറുമായി ബന്ധപ്പെട്ട വിധി നടപ്പാക്കാൻ രണ്ടുവർഷം സമയം അനുവദിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും ഒ.ബി.സി ക്രീമിലെയറിലാണോ, നോൺ-ക്രീമിലെയറിലാണോയെന്ന് രക്ഷിതാക്കളുടെ ശമ്പളം നോക്കി
തീരുമാനിക്കരുതെന്ന് മാർച്ച് 11ന് സുപ്രീംകോടതി വിധിച്ചിരുന്നു. രക്ഷിതാക്കളുടെ സാമൂഹിക സ്ഥിതിയായിരിക്കണം മാനദണ്ഡമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഒ.ബി.സി ക്രീമിലെയർ പദവി നിർണയിക്കുന്നതിൽ ഏകീകൃത സംവിധാനം രൂപീകരിക്കുന്നതിനാണ് രണ്ടുവർഷത്തെ സമയം ആവശ്യപ്പെടുന്നതെന്ന് കേന്ദ്രം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി. മുൻകാല പ്രാബല്യത്തോടെ വിധി ബാധകമാക്കരുത്. ഇതിനോടകം നടത്തിയ നിയമനങ്ങളെ ബാധിക്കും. കേന്ദ്ര-സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സർവകലാശാലകൾ,പ്രൊഫഷണൽ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനത്തെ അനിശ്ചിതത്വത്തിലാക്കും. നിയമനം നേടിയവരുടെ സീനിയോറിറ്റി,സ്ഥാനക്കയറ്റം തുടങ്ങിയവ പ്രതിസന്ധിയിലാകും. 2025ൽ സിവിൽ സർവീസ് പരീക്ഷയെഴുതിയ 958 ഉദ്യോഗാർത്ഥികളുടെ നിയമനം നടത്താൻ അനുമതി നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. വാദം കേട്ട ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,ആർ. മഹാദേവൻ എന്നിവടങ്ങിയ ബെഞ്ച് വിധി പറയാൻ മാറ്റി.




