വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപ പരാമർശം; ടി ജി മോഹൻദാസിന് ജാമ്യം നൽകി കോടതി

ടിജി മോഹൻദാസിനെ കൊച്ചിയിൽ കസ്റ്റഡിയിലെടുത്തപ്പോൾ
കൊച്ചി: അധിക്ഷേപ പരാമർശത്തിന്റെ പേരിൽ അറസ്റ്റിലായ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം നൽകി കോടതി. തിരുവനന്തപുരം എസിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. ഡൽഹി ജന്തർമന്ദറിൽ കോക്രോച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിൽ സമരംചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിലാണ് മോഹൻദാസ് അറസ്റ്റിലായത്.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണം, അടുത്ത മൂന്ന് ദിവസം അന്വേഷണവുമായി സഹകരിക്കണം, സമാന കുറ്റങ്ങളിൽ അകപ്പെടരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. മോഹൻദാസിന്റെ പ്രായം, രോഗങ്ങൾ എന്നിവ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല നോട്ടീസ് നൽകാതെയാണ് മോഹൻദാസിനെ അറസ്റ്റ് ചെയ്തതെന്നും പ്രതിഭാഗം വാദിച്ചു.
തിരുവനന്തപുരത്ത് നിന്നും സൈബർ പൊലീസ് സംഘം കൊച്ചി മട്ടാഞ്ചേരിയിലെത്തി മോഹൻദാസിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പരിശോധിച്ച ശേഷമായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
മോഹൻ ദാസിന്റെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കും, ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെയും യുവാക്കളെയും വെടിവച്ച് കൊല്ലണമെന്ന പ്രസ്താവനയ്ക്കുമെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നൽകിയ പരാതിയിലാണ് നടപടി. സിപിഐ മണ്ഡലം സെക്രട്ടറി എം കെ അബ്ദുൾ ജലീൽ, പൊതുപ്രവർത്തകൻ ഹാരിസ് അബു തുടങ്ങിയവർ മട്ടാഞ്ചേരി പൊലീസിലും പരാതി നൽകിയിരുന്നു.
English Summary
RSS associate T.G. Mohandas received bail from the Thiruvananthapuram ACJM court, following his arrest for alleged abusive remarks against students protesting in Delhi. The court granted conditional bail, requiring him to cooperate with the investigation for three days and refrain from similar offenses. Mohandas’s lawyer had cited his age and health in the bail plea.


